തടവുകാരന് പരോൾ നിഷേധിച്ചത് ഭാര്യയുടെ അഭ്യർഥന പ്രകാരം!
text_fieldsതൃശൂർ: തടവുകാരന് പരോൾ അനുവദിക്കാത്തത് ഭാര്യയുടെ അഭ്യർഥന പ്രകാരമെന്ന് ജില്ല പൊലീസ് മേധാവി. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമീഷെൻറ അന്വേഷണത്തിലാണ് പരോൾ നിഷേധിച്ചത് ഭാര്യയുടെ അപേക്ഷയിലാണെന്ന് പൊലീസ് വെളിപ്പെടുത്തിയത്.
2019 സെപ്റ്റംബർ 24നാണ് മൂന്ന് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട് പരാതിക്കാരൻ സെൻട്രൽ ജയിലിലെത്തിയത്. 2020 ഒക്ടോബറിൽ പരോളിന് അപേക്ഷിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് പ്രതികൂലമായി. ഭാര്യക്ക് കോവിഡ് വന്നിട്ടുപോലും പരോൾ അനുവദിച്ചില്ലെന്നായിരുന്നു ഇയാൾ മനുഷ്യാവകാശ കമീഷനിൽ പരാതിപ്പെട്ടത്. പരോൾ അപേക്ഷയിൽ അന്വേഷണം നടത്തിയെന്നും വൻ സാമ്പത്തിക ബാധ്യതയുള്ള പരാതിക്കാരൻ പരോളിൽ ഇറങ്ങിയാൽ ഇടപാടുകാർ വന്ന് പ്രശ്നമുണ്ടാക്കുമെന്ന് ഭാര്യ അറിയിച്ചതായും ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. ഗൾഫിലുള്ള മകൻ എത്തിയ ശേഷം പരോൾ നൽകിയാൽ മതിയെന്നും ഭാര്യ പറഞ്ഞതായി പൊലീസ് മേധാവി കമീഷനെ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ജനുവരി 22ന് പരാതിക്കാരൻ സമർപ്പിച്ച പരോൾ അപേക്ഷയിൽ അനുകൂല റിപ്പോർട്ട് നൽകിയെന്നും 30 ദിവസത്തെ പരോൾ അനുവദിച്ചതായും പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കമീഷൻ അംഗം വി.കെ. ബീനാകുമാരി കേസ് തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.