സ്വാതന്ത്ര്യദിനത്തിൽ തടവുകാർ റേഡിയോ ജോക്കിമാരാകും
text_fieldsതൃശൂർ: ‘‘നിങ്ങൾക്കൊക്കെയുള്ളതുപോലെ നല്ല ഒരു കൂട്ടുകാരൻ എനിക്കുമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, എനിക്ക് ജയിൽവാസം വേണ്ടിവരുമായിരുന്നില്ല’’ -വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസിയായ റിജോയുടെ വാക്കുകൾ കേട്ടുനിൽക്കുന്നവരെ ഒരു നിമിഷം ആഴത്തിൽ ചിന്തിപ്പിക്കും. റിജോ അടക്കം ഏതാനും ജയിൽ അന്തേവാസികൾ സ്വാതന്ത്ര്യദിനമായ ഇന്ന് റേഡിയോ ജോക്കിമാരാകും. വിയ്യൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷൻ ഹോമും റേഡിയോ മിർച്ചിയും ചേർന്നാണ് ഇതിന് സംവിധാനമൊരുക്കുന്നത്. ഇന്ന് രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയാണ് തടവുകാർ റേഡിയോ ജോക്കിമാരാകുക. ‘മതിലുകൾക്കപ്പുറം’ എന്നു പേരിട്ട പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയായി.
തടവുകാർക്ക് അവരുടെ ചിന്തകളും അനുഭവങ്ങളും പങ്കുവെക്കാൻ വേദിയൊരുക്കാൻ ലക്ഷ്യമിട്ടുള്ള കേരള ജയിൽ ആൻഡ് കറക്ഷണൽ സർവിസസ് വകുപ്പിന്റെ നൂതന സംരംഭമാണ് ‘മതിലുകൾക്കപ്പുറം’. റേഡിയോയിൽ ശ്രോതാക്കൾക്ക് ഇഷ്ടപ്പെട്ട ഗാനങ്ങൾ േപ്ല ചെയ്യുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യും. തെറ്റുകൾ തിരുത്താൻ കലക്ക് ശക്തിയുണ്ടെന്നും സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒരു പുതിയ ലോകത്തേക്ക് നടക്കാൻ ഈ പരിപാടി നിരവധി ജയിൽ അന്തേവാസികളെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിസൺസ് ആൻഡ് കറക്ഷണൽ സർവിസസ് ഡയറക്ടർ ജനറൽ ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.
‘ഫ്രീഡം മെലഡി’ എന്ന പേരിൽ വിയ്യൂർ സെൻട്രൽ ജയിലിന് സ്വന്തം റേഡിയോ ചാനലുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾക്ക് ‘മതിലുകൾക്കപ്പുറം’ പ്രത്യേക പരിപാടി ഊർജം പകരുമെന്ന് ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ പറഞ്ഞു.
തടവില്ലാത്ത അക്ഷരങ്ങൾ
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് അടുത്തിടെ മുംബൈ തലോജ ജയിലിൽനിന്ന് ഒരു കൊറിയർ എത്തി. ഒരു കത്തും 16 പുസ്തകങ്ങളും. തടവറയിൽനിന്നും തടവറയിലേക്കെത്തിയ അക്ഷരങ്ങളുടെ വെളിച്ചം. തലോജ ജയിലിലെ മലയാളി തടവുകാരാണ് വിയ്യൂർ ജയിലിലെ അന്തേവാസികൾക്കായി പുസ്തകങ്ങൾ അയച്ചുനൽകിയത്. 2600 രൂപ മുഖവിലയുള്ള 16 പുസ്തകങ്ങളിൽ വൈക്കം മുഹമ്മദ് ബഷീറാണ് താരം.
കുറ്റവാളികളായി അഴികൾക്കുള്ളിലെത്തിയവരുടെ അക്ഷരങ്ങൾക്ക് മഷിപുരട്ടി വിയ്യൂർ ജയിൽ പുറത്തിറക്കിയ ‘ചുവരുകളും സംസാരിക്കും -അഴികൾക്കുള്ളിലെ എഴുത്തുകാർ’ എന്ന കുഞ്ഞുപുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ട തലോജ ജയിലിലെ സമാന മനസ്കരായ തടവുകാരാണ് പുസ്തകങ്ങൾ സമ്മാനമായി അയച്ചത്. മൂന്നു ലക്ഷത്തിന് മുകളിൽ വിലവരുന്ന രണ്ടായിരത്തിൽപരം പുസ്തകങ്ങൾ വിയ്യൂർ ജയിലിലെ ലൈബ്രറിയിലുണ്ട്. എഴുതാൻ കഴിവുള്ളതടവുകാർക്കായി പ്രത്യേക രചനാക്യാമ്പും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.