ട്രോളിങ് നിരോധനം; ഒരുക്കവുമായി തൃശ്ശൂർ ജില്ല ഭരണകൂടം
text_fieldsതൃശൂർ: ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31ന് അർധരാത്രി വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിൽ നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കലക്ടർ വി.ആർ. കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ട്രോളിങ് നിരോധന കാലയളവിൽ തീരദേശ പൊലീസ് വിഭാഗത്തിന് അടിയന്തര സാഹചര്യങ്ങളെ നേരിടാനാവശ്യമായ ഇന്ധനം നൽകാൻ ജില്ല സിവിൽ സപ്ലൈ ഓഫിസറെ ചുമതലപ്പെടുത്തി. നിരോധന കാലത്ത് തൊഴിൽ നഷ്ടപ്പെടുന്ന അനുബന്ധ തൊഴിലാളികൾക്ക് നൽകിവരുന്ന സൗജന്യ റേഷൻ യഥാസമയം കൃത്യമായി വിതരണം ചെയ്യണമെന്നും സിവിൽ സപ്ലൈ ഓഫിസറോട് ആവശ്യപ്പെട്ടു.
ഈ കാലയളവിൽ ട്രോളിങ് ബോട്ടുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ റൂറൽ ജില്ല പൊലീസ് മേധാവി കോസ്റ്റൽ പട്രോളിങ് ശക്തമാക്കണം. അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ മേയ് 15 മുതൽ 24 മണിക്കൂർ പ്രവർത്തനസജ്ജമായ ഫിഷറീസ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ കലക്ടറേറ്റ് കൺട്രോൾ റൂമിലും നേവിയുടെ ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം. ഫിഷറീസ് ജില്ല ഓഫിസ് 0487 2441132, ഫിഷറീസ് കൺട്രോൾ റൂം ഫിഷറീസ് സ്റ്റേഷൻ അഴീക്കോട് 0480 2996090, തൃശൂർ കലക്ട്രേറ്റ് കൺട്രോൾ റൂം 0487 2362424, കോസ്റ്റ് ഗാർഡ് 1093 എന്നിവയാണ് നമ്പറുകൾ.
രണ്ടു ബോട്ടുകളിലായി എട്ട് ലൈഫ് ഗാർഡുമാരെ നിയമിക്കാൻ ഫിഷറീസ് ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ടെന്നും നടപടി പൂർത്തിയാവുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ നിർബന്ധമായും ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കൈവശം വെക്കണം. ഒമ്പതിന് അർധരാത്രിക്ക് മുമ്പ് ജില്ലയുടെ തീരപ്രദേശത്തുനിന്ന് എല്ലാ അന്യസംസ്ഥാന യന്ത്രവത്കൃത ബോട്ടുകളും കേരള തീരം വിട്ടുപോകണം. അല്ലാത്തവ അതത് ബേസ് ഓഫ് ഓപറേഷനിൽ ആങ്കർ ചെയ്യണം.
ജില്ലയുടെ തീരപ്രദേശത്തും ഹാർബറുകളിലും മറ്റും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ യന്ത്രവത്കൃത ബോട്ടുകൾക്ക് യാതൊരു കാരണവശാലും ഇന്ധനം നൽകാൻ പാടില്ല. പരമ്പരാഗത തൊഴിലാളികൾ പ്രവർത്തിക്കുന്ന യാനങ്ങൾക്കൊഴികെ ഇന്ധനം നൽകുന്ന ഡീസൽ ബങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കായലിനോടോ ജെട്ടിയോടോ ചേർന്ന് പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ ട്രോളിങ് നിരോധനം കഴിയുന്നതുവരെ തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. പരമ്പരാഗത വള്ളങ്ങൾ ഉപയോഗിച്ചുള്ള ട്രോളിങ് അനുവദിക്കില്ല. ട്രോൾ നിരോധനം കഴിയുന്നതിനകം ബോട്ടുകൾ കളർ കോഡിങ് പൂർത്തിയാക്കണമെന്നും നിർദേശിച്ചു. മത്സ്യഫെഡ് ജില്ല മാനേജർ എൻ. ഗീത, ഫിഷറീസ് അഴീക്കോട് എ.ഡി.എഫ് എം.എൻ. സുലേഖ, ജില്ല സപ്ലൈ ഓഫിസർ പി.ആർ. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.