നിരോധന വിധി: തൃശൂർ പൂരം വെടിക്കെട്ടിന് ആശങ്ക
text_fieldsതൃശൂർ: വെടിക്കെട്ട് നിരോധിച്ച ഹൈകോടതി ഉത്തരവ് തൃശൂർ പൂരത്തെയടക്കം ബാധിക്കുമെന്ന് ആശങ്ക. നിലവിൽ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി തൃശൂർ പൂരം വെടിക്കെട്ടിനുണ്ടെങ്കിലും ഹൈകോടതി വിധിയുടെ സാഹചര്യം ഏത് നിലയിലാവും ബാധിക്കുകയെന്നതിൽ വ്യക്തതയില്ല. തൃശൂർ പൂരത്തിലെ പ്രധാന ഇനം കൂടിയാണ് വെടിക്കെട്ട്.
സാമ്പിളിൽ തുടങ്ങി പൂരം നാളിലെ പ്രധാന വെടിക്കെട്ടും ഉപചാരം ചൊല്ലിന് ശേഷമുള്ള പകൽ വെടിക്കെട്ടും ആസ്വാദിക്കാൻ വിദേശത്തുനിന്നുള്ളവരടക്കം എത്തുന്നതാണ്. ആരാധനാലയങ്ങളിൽ അസമയത്തെ കതിനയടക്കമുള്ള വെടിക്കെട്ടിനാണ് നിരോധനമെന്നാണ് ഹൈകോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
നഗരത്തിന് നടുവിൽ വടക്കുന്നാഥ ക്ഷേത്രമൈതാനിയിലാണ് തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്നത്. ജലസുരക്ഷ മാർഗങ്ങളടക്കം സജ്ജമാക്കിയിട്ടുള്ള രാജ്യത്തെ ഏക പൂരം കൂടിയാണ് തൃശൂർ പൂരം. സാമ്പിളിൽ തുടങ്ങി വെടിക്കെട്ടിന്റെ എല്ലാ ഘട്ടത്തിലും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെ നിരീക്ഷണവും കർശനമായ പരിശോധനയുമുണ്ട്. പെസോയുടെ നിർദേശങ്ങൾ പാലിച്ച് പൂരം-വെടിക്കെട്ട് ആസ്വാദകരെ 300 മീറ്ററിലധികം മാറ്റി ബാരിക്കേഡ് വെച്ച് തടഞ്ഞാണ് വെടിക്കെട്ട് നടത്തുന്നത്. ഇതൊക്കെയുണ്ടെങ്കിലും എല്ലാ പൂരക്കാലത്തും വെടിക്കെട്ടുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ഹൈകോടതി വിധിയുടെ ഉള്ളടക്കം അറിഞ്ഞിട്ടില്ലെന്നും വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താനാകില്ലെന്നുമാണ് തൃശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ പ്രതികരണം.
തൃശൂർ പൂരം വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. ആചാരപരമായാണ് വെടിക്കെട്ട് നടത്തുന്നത്. ഇത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
വെടിക്കെട്ട് നിരോധിച്ച ഹൈകോടതി ഉത്തരവ് ബാധകമാക്കിയാല്‍ നിയമവഴി തേടും. മതപരമായ കേന്ദ്രങ്ങളില്‍ നിരോധിച്ചിട്ട് മറ്റിടങ്ങളില്‍ അനുവദിക്കുന്നത് തുല്യ നീതിയല്ലെന്നും ദേവസ്വങ്ങൾ കുറ്റപ്പെടുത്തി. വീടുകളിലും മറ്റും നിരോധിക്കാതെ ഉത്സവങ്ങളിൽ മാത്രം നിരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് യോഗം ചേർന്ന് പരിശോധനകൾ നടത്തി നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നത്. ഹൈകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട തിരുവമ്പാടി ദേവസ്വം ജോ. സെക്രട്ടറി പി. ശശിധരൻ വിധിയുടെ പകർപ്പ് ലഭിച്ച ശേഷം നിയമപരമായ സാധ്യതകളിലേക്ക് കടക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.