കടലും തീരവും സംരക്ഷിക്കാൻ പദ്ധതി നടപ്പാക്കും -മന്ത്രി ബിന്ദു
text_fieldsഅഴീക്കോട്: കടലും തീരവും സംരക്ഷിക്കാൻ കാലിക പ്രസക്തമായ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഒട്ടേറെ ജീവിതങ്ങള്‍ നിലനിർത്തുന്ന അക്ഷയഖനിയായ കടലിന്‍റെ സംരക്ഷണം സംബന്ധിച്ച അവബോധം ജനങ്ങളിൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
കടലും തീരവും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള 'ശുചിത്വ സാഗരം, സുന്ദര തീരം' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനത്തിന്റെ ഭാഗമായ കടലോര നടത്തം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഴീക്കോട് പുത്തന്‍പള്ളിക്ക് സമീപത്തുനിന്ന് ആരംഭിച്ച് മുനക്കല്‍ ബീച്ച് വരെയുള്ള നടത്തം മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, വിദ്യാര്‍ഥികൾ, സന്നദ്ധ സംഘടനകള്‍ എന്നിവരുൾപ്പെടെ ഇരുനൂറോളം പേരാണ് കടല്‍ നടത്തത്തിന്റെ ഭാഗമായത്. കടലും തീരപ്രദേശവും പ്ലാസ്റ്റിക് വിമുക്തമാക്കുന്ന ഫിഷറീസ് വകുപ്പിന്റെ ജനകീയ പദ്ധതിയാണ് 'ശുചിത്വ സാഗരം, സുന്ദരതീരം'. പൊതുജന ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണവും സംസ്കരണവും, തുടര്‍ കാമ്പയിന്‍ തുടങ്ങി മൂന്ന് ഘട്ടങ്ങളായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ തീരദേശ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും. ഇ.ടി. ടൈസണ്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സൻ ഷീജ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് മിസ്രിയ മുഷ്താഖലി, ജില്ല പഞ്ചായത്ത് വികസനകാര്യ സമിതി ചെയര്‍പേഴ്‌സൻ കെ.എസ്. ജയ, ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ടി. ജയന്തി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.