റെയിൽവേ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോറിക്ഷ കൗണ്ടറിനെതിരെ പ്രതിഷേധം; മിന്നൽ സമരം
text_fieldsതൃശൂർ: റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച തുടങ്ങിയ പ്രീ പെയ്ഡ് ഓട്ടോറിക്ഷ കൗണ്ടറിനെതിരെ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം. യഥാർഥ ഓട്ടോ ചാർജിനെക്കാൾ കുറഞ്ഞ തുകയാണ് കൗണ്ടറിൽനിന്ന് ഈടാക്കുന്നതെന്ന് ആരോപിച്ചാണ് വൈകീട്ട് നാലോടെ പ്രവർത്തനം തുടങ്ങിയ കൗണ്ടർ തിങ്കളാഴ്ച രാത്രി 10ഓടെ ഓട്ടോ തൊഴിലാളികൾ സ്തംഭിപ്പിച്ചത്. സാങ്കേതിക തകരാറാണെന്നും ചൊവ്വാഴ്ച രാവിലെത്തോടെ ശരിയാകുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.
തുടർന്ന് സംഘടിച്ചെത്തിയ ഓട്ടോ തൊഴിലാളികൾ കൗണ്ടർ പ്രവർത്തനം സ്തംഭിപ്പിച്ചു. പ്രീ പെയ്ഡ് കൗണ്ടറിൽ ഗൂഗിൾ മാപ് വഴിയാണ് ദൂരം കണക്കാക്കുന്നതെന്നും വാടക നിശ്ചയിച്ചതിലെ അപാകതയും തൊഴിലാളികൾ ഉന്നയിച്ചു. കോർപറേഷൻ പരിധിക്ക് പുറത്തുകടന്നാൽ തിരിച്ചുള്ള ഓട്ടോചാർജ് സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ഇക്കാര്യം ഉന്നയിച്ച ഓട്ടോ തൊഴിലാളികളുമായി ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് എ.സി.പി വി.കെ. രാജു, ടൗൺ ട്രാഫിക് ഇൻസ്പെക്ടർ ബിനൻ എന്നിവർ കൂടിക്കാഴ്ച നടത്തി.
ഓട്ടോ വാടകപ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൽ പ്രീ പെയ്ഡ് കൗണ്ടർ പ്രവർത്തനം തുടരാൻ ഓട്ടോ തൊഴിലാളികൾ സമ്മതിച്ചു. ഓട്ടോ വാടക കൃത്യമാക്കാനായി രണ്ട് ഡ്രൈവർമാരുമായി അധികൃതർ നഗരാതിർത്തിയിൽ ചുറ്റിക്കറങ്ങുകയും മീറ്റർ നോക്കി വാടക നിശ്ചയിക്കുകയും രണ്ട് ദിവസത്തിനകം അത് കമ്പ്യൂട്ടറിൽ കയറ്റി പ്രാബല്യത്തിൽ വരുത്തുകയും ചെയ്യും. ഈ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചതെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.