കുന്നംകുളം നഗരസഭ ഓഫിസിൽ പ്രതിഷേധപ്പകൽ; അകത്ത് പ്രതിപക്ഷം, പുറത്ത് ഭരണപക്ഷം
text_fieldsകുന്നംകുളം: നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കക്ഷികളും ഭരണകക്ഷി അംഗങ്ങൾ പ്രവേശന കവാടത്തിലും പ്രതിഷേധവുമായി രംഗത്ത്. കൗൺസിൽ യോഗത്തിൽ സീറോ അവർ അനുവദിക്കുന്ന സമയത്തെ ചൊല്ലിയുള്ള തർക്കത്തിൽ ചെയർപേഴ്സന്റെ ഡയസിന് മുന്നിൽ പ്രതിപക്ഷ കക്ഷി അംഗങ്ങൾ പ്രതിഷേധവുമായി വന്നതോടെ യോഗം നടത്തി കൊണ്ടുപോകാൻ കഴിയാതെ പിരിച്ചുവിട്ടിരുന്നു.
ഇതിന് തൊട്ടുപുറകെയാണ് ഭരണകക്ഷി അംഗങ്ങൾ പ്രവേശന കവാടത്തിൽ പ്രതിഷേധവുമായി കുത്തിയിരുപ്പ് സമരം നടത്തിയത്. കൗണ്‍സില്‍ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടികള്‍ക്കെതിരെയാണ് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡേന്തി പ്രതിഷേധിച്ചത്.
ചെയർപേഴ്സന്റെ നേതൃത്വത്തിലായിരുന്നു സമരം. സമരം നടത്തിയ നടപടി ഭരണകക്ഷി അംഗങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസത്തിനിടയാക്കി. കൗണ്‍സില്‍ യോഗങ്ങളില്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിനു പ്രാധാന്യം നല്‍കുമെന്നും വാദ പ്രതിവാദങ്ങള്‍ നടത്താനുള്ള സീറോ അവര്‍ ഇനി മുതല്‍ അനുവദിക്കില്ലെന്നും ചെയര്പേഴ്സൻ സീത രവീന്ദ്രന് വ്യക്തമാക്കി.
പ്രതിപക്ഷത്തിന് വിഷയങ്ങള്‍ ഉന്നയിക്കാനുണ്ടെങ്കില്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചതിനുശേഷം ആവാമെന്നും നിരന്തരം കൗണ്‍സിലില്‍ പ്രശ്നമുണ്ടാക്കുന്ന നടപടി അനുവദിക്കില്ലെന്നും ചെയര്പേഴ്സൻ അറിയിച്ചു. നഗരസഭകളിലും കോര്‍പറേഷനുകളിലും കൗണ്‍സില്‍ യോഗങ്ങളില്‍ സീറോ അവര്‍ അനുവദിക്കാറില്ലെന്നും മുനിസിപ്പല്‍ ആക്ടിലും സീറോ അവര്‍ എന്നൊരു രീതി ഇല്ലെന്നും അവർ വ്യക്തമാക്കി.
നഗരസഭയില്‍ സീറോ അവര്‍ പ്രവണത മുമ്പുണ്ടായിരുന്നതാണ്. എന്നാല്‍ അടുത്തകാലം മുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം സീറോ അവറില്‍ വാദ പ്രതിവാദങ്ങള്‍ അരങ്ങേറുകയും പ്രതിപക്ഷം മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കുകയും അജണ്ടകള്‍ പോലും വലിച്ചുകീറുന്ന സംഭവങ്ങളും അരങ്ങേറുന്നത് പതിവാക്കി.
രണ്ട് വര്‍ഷം പിന്നിട്ട ഭരണസമിതിയുടെ കൗണ്‍സിലില്‍ 75 ശതമാനം യോഗങ്ങളും സീറോ അവറില്‍ വാദ പ്രതിവാദങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം തടസ്സപ്പെടുത്തിയെന്ന് ചെയർപേഴ്സൻ കുറ്റപ്പെടുത്തി.
കൗൺസിലിൽ സീറോ അവറിന് സമയം നൽകിയില്ല; അജണ്ട വലിച്ച് കീറി യോഗം പിരിച്ചുവിട്ടു
കുന്നംകുളം: നഗരസഭ കൗൺസിൽ യോഗത്തിൽ സീറോ അവറിനുള്ള സമയം മാറ്റാനുള്ള ഭരണസമിതിയുടെ നീക്കത്തിന് തിരിച്ചടി. യോഗം ആരംഭിച്ചയുടൻ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ഭരണസമിതിയുടെ നീക്കത്തിനെതിരെ രംഗത്ത് വന്നതോടെ പ്രക്ഷുബ്ധ രംഗങ്ങൾക്ക് കൗൺസിൽ ഹാൾ സാക്ഷിയായി.
യോഗം ആരംഭിച്ചയുടൻ ബി.ജെ.പി പാർലിമെന്ററി പാർട്ടി നേതാവ് കെ.കെ. മുരളി വിവിധ വാർഡുകളിലെ കുടിവെള്ള ക്ഷാമത്തെ കുറിച്ച് സംസാരിച്ചു തുടങ്ങി. അംഗങ്ങളുടെ വാർഡുകളിലെ പരാതികൾ കേൾക്കുംമുമ്പെ അജണ്ട വായിച്ചതോടെ പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങൾ ചെയർപേഴ്സന്റെ ഡയസിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി.
തുടർന്ന് ബി.ജെ.പി, ആർ.എം.പി അംഗങ്ങളും രംഗത്തുവന്നു. അജണ്ടകൾ ക്ലർക്ക് വായിച്ച് തുടങ്ങിയതോടെ അജണ്ട പിടിച്ചുവാങ്ങി കീറിയെറിഞ്ഞു. ഇതോടെ അജണ്ടകൾ ചെയർപേഴ്സൻ വായിച്ച് തുടങ്ങി. തുടർന്ന് കൂടുതൽ ബഹളമായി. ഇതോടെ ബെൽ മുഴക്കി യോഗം ചെയർപേഴ്സൻ സീത രവീന്ദ്രൻ പിരിച്ചുവിട്ടു.
നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ജനങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും പങ്കുവെക്കാനുള്ള സമയം എടുത്തു കളയാൻ ശ്രമം നടക്കുന്നതെന്ന് പ്രതിപക്ഷം ഒന്നടങ്കം കുറ്റപ്പെടുത്തി. അംഗങ്ങളുടെ ആവശ്യങ്ങൾ കേൾക്കാതെ അജണ്ടകൾ ആദ്യത്തിൽ വായിച്ച് പോകാനുള്ള തീരുമാനത്തെ എന്തു വില കൊടുത്തും തടസ്സപ്പെടുത്തുമെന്നും പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.