ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട തണ്ണീർത്തടം തരംമാറ്റുന്നതിൽ പ്രതിഷേധം
text_fieldsഇരിങ്ങാലക്കുട: നഗരസഭ പരിധിയിൽ മൂന്നര ഏക്കറോളം തണ്ണീർത്തടം നികത്താനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിഷേധം ഉയരുന്നു. കൂടൽമാണിക്യം ക്ഷേത്രം തെക്കേനടയിൽ റോഡിന്റെ ഇരുവശങ്ങളിലുമായുള്ള ഭൂമി തരം മാറ്റാനുള്ള ശ്രമമാണ് വിവാദമായത്. അടുപ്പിച്ച് രണ്ട് മഴ പെയ്താൽ വെള്ളത്തിൽ മുങ്ങുന്ന റോഡാണ് തെക്കേ നടയിലേത്. കൊച്ചുകുട്ടികൾ പഠിക്കുന്ന ഭവൻസ് ബാലമന്ദിറിനെയും പരിസരത്തെ നാൽപതോളം കുടുംബങ്ങളെയും കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന നടപടിയാണിതെന്നാണ് പ്രതിഷേധക്കാരുടെ വാദം.
നാലമ്പലദർശന സമയത്ത് തെക്കേ നടയിലെ നാനൂറ് മീറ്ററോളം ടാർ റോഡ് വെള്ളക്കെട്ട് മൂലം വാഹന ഗതാഗതത്തിനും കാൽനടക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പരിസരവാസികൾ ചൂണ്ടിക്കാണിക്കുന്നു. തണ്ണീർത്തടം നികത്താനുള്ള ശ്രമത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം പരിസരവാസികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി, കൃഷി മന്ത്രി, ഡെപ്യൂട്ടി കലക്ടർ, വാർഡ് അംഗം എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
വിഷയം പരിഗണിച്ച പ്രാദേശികതല നിരീക്ഷണസമിതി അംഗങ്ങളിൽ ഒരാൾ ഭൂമി തണ്ണീർത്തടമായി തന്നെ നിലനിർത്തണമെന്ന് രേഖപ്പെടുത്തിയപ്പോൾ, ഒരംഗം ഡാറ്റ ബാങ്കിൽനിന്ന് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. റോഡിന്റെ കിഴക്ക് ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഡാറ്റ ബാങ്കിൽ തന്നെ നിലനിർത്തണമെന്നും പടിഞ്ഞാറ് ഭാഗത്തുള്ള ഭൂമി ഡാറ്റ ബാങ്കിൽനിന്ന് ഒഴിവാക്കണമെന്നും വില്ലേജ് ഓഫിസർ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് എൻവയോൺമെന്റ് സെന്ററിന്റെ 2007, 2010, 2016, 2021 ലെ ഭൂപടങ്ങളിൽ പ്രസ്തുത ഭൂമി തണ്ണീർത്തട സ്വഭാവത്തോട് കൂടിയാണ് കാണുന്നതെന്നും മുനിസിപ്പൽ റോഡിൽനിന്നും താഴ്ന്ന് കിടക്കുന്നതിനാലും വെള്ളക്കെട്ട് രൂപപ്പെടുന്നതിനാലും സ്ഥലത്ത് നിർമാണപ്രവർത്തനങ്ങൾക്ക് ധാരാളം മണ്ണടിച്ചാൽ വെള്ളക്കെട്ട് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ഭൂമി ഡാറ്റ ബാങ്കിൽ തന്നെ നിലനിർത്തണമെന്നും കൃഷി ഓഫിസർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തണ്ണീർത്തട നിയമം വരുന്നതിന് മുമ്പ് ഭൂമി നികത്തിയതിനാൽ നെൽകൃഷിക്ക് അനുയോജ്യമല്ലെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രസ്തുത ഭൂമിയിൽനിന്ന് രാമൻചിറത്തോട്ടിലേക്ക് കനാൽ നിർമിച്ച് ആശങ്ക ഒഴിവാക്കി ഭൂമി ഡാറ്റ ബാങ്കിൽനിന്ന് ഒഴിവാക്കണമെന്നുമാണ് ചെയർപേഴ്സൻ സോണിയ ഗിരി രേഖപ്പെടുത്തിയത്. ചെയർപേഴ്സൻ ചെയർമാനും കൃഷി ഓഫിസർ കൺവീനറുമായ പ്രാദേശിക തല നിരീക്ഷണ സമിതിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതിനാൽ ഭൂമി തരം മാറ്റണമെന്ന ഉടമകളുടെ അപേക്ഷ ആർ.ഡി.ഒയുടെ പരിഗണനക്ക് വിടാൻ സമിതി തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.