എം.എൽ.എക്ക് പരസ്യ ശാസന നിർബന്ധിതാവസ്ഥയിൽ
text_fieldsതൃശൂർ: രാഷ്ട്രീയ വിമർശനവും ആക്ഷേപഹാസ്യവുമായി മാത്രം ഒതുങ്ങേണ്ട വിഷയത്തിൽ ജില്ല അസി. സെക്രട്ടറി കൂടിയായ പി. ബാലചന്ദ്രൻ എം.എൽ.എക്കെതിരെ സി.പി.ഐ ശക്തമായ അച്ചടക്ക നടപടിയെടുത്തത് നിർബന്ധിതാവസ്ഥയിൽ. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ മുതിർന്ന നേതാവിൽനിന്ന് ഉയർന്ന കൈവിട്ട പരാമർശത്തിൽ കടുത്ത അതൃപ്തിയിലായിരുന്നു സി.പി.ഐ, സി.പി.എം നേതൃത്വങ്ങൾ. എം.എൽ.എയെ വിളിച്ച് വിമർശനവും അതൃപ്തിയും നേതാക്കൾ അറിയിച്ചുവെങ്കിലും നടപടി വേണമെന്ന അഭിപ്രായം നേതൃതലത്തിൽ തന്നെ ഉയർന്നതോടെയാണ് മറ്റ് നിർവാഹമില്ലാതായത്.
സി.പി.ഐ മത്സരിക്കുന്ന തൃശൂർ ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിത്വത്തിന് പരിഗണിക്കുന്ന വി.എസ്. സുനിൽകുമാറിന് അനുകൂലമായുണ്ടായിരുന്ന സാമുദായിക സൗഹൃദാന്തരീക്ഷത്തിന് വിള്ളലേൽപ്പിക്കുന്നതാണ് എം.എൽ.എയുടെ പരാമർശമെന്ന പരാതി ഘടകങ്ങളിൽനിന്ന് തന്നെ പാർട്ടി നേതൃത്വത്തിന് ലഭിച്ചിരുന്നു. എം.എൽ.എയുടെ പ്രസ്താവന തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അനുകൂല സാഹചര്യത്തെ ഇല്ലാതാക്കിയെന്നുമുള്ള നേതാക്കളുടെ തന്നെ വിമർശനമുയർന്ന സാഹചര്യത്തിലാണ് ഈ വിഷയം മാത്രം ചർച്ച ചെയ്യാൻ യോഗം വിളിച്ചത്.
നിയമസഭ നടക്കുകയാണെങ്കിലും നിർബന്ധമായും യോഗത്തിൽ എത്തി വിശദീകരണം നൽകണമെന്ന നിലപാടെടുത്തതും ഈ ഗൗരവകര സാഹചര്യം തന്നെ. ജില്ലയിൽ സമീപകാലത്ത് ആദ്യമായാണ് ഒരു മുതിർന്ന നേതാവിനെ പാർട്ടി തള്ളിപ്പറയുകയും പരസ്യശാസന പോലുള്ള കടുത്ത അച്ചടക്ക നടപടിയെടുക്കേണ്ടിയും വരുന്നത്. എം.എൽ.എക്കെതിരെ പരസ്യശാസന പോലുള്ള കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന പ്രതികരണത്തിലൂടെയും സുനിൽകുമാറിന്റെ ജനകീയതയിലൂടെയും ഇപ്പോഴത്തെ സാഹചര്യങ്ങളെ തിരഞ്ഞെടുപ്പിൽ മറികടക്കാമെന്നാണ് സി.പി.ഐ പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.