തൃശൂരിൽ നട്ടം തിരിയും
text_fieldsതൃശൂർ: സാംസ്കാരിക നഗരി, പൂരനഗരി, അതിവേഗം വളരുന്ന ഹൈടെക്-വ്യവസായ നഗരം, യുനെസ്കോ അടയാളപ്പെടുത്തിയ പട്ടണം, ലേണിങ് സിറ്റി... വിശേഷണങ്ങൾ വേണ്ടുവോളമുണ്ട് തൃശൂർ നഗരത്തിന്. പക്ഷേ, പറഞ്ഞിട്ടെന്ത്. നഗരത്തിൽ എത്തിയൊരാൾക്ക് മൂത്രമൊഴിക്കാൻ തോന്നിയാൽ നട്ടം തിരിഞ്ഞതുതന്നെ. ഒന്നുകിൽ ഏതെങ്കിലും ഹോട്ടലിൽ കയറി ‘കാപ്പി ഓർഡർ ചെയ്യണം’, അല്ലെങ്കിൽ തിരിച്ച് വീടെത്തുവോളം ‘പിടിച്ച് നിൽക്കാൻ’ ത്രാണി വേണം. ഇതിനൊന്നും വയ്യെങ്കിൽ കണ്ണും മൂക്കും പൊത്തി കോർപറേഷന്റെ ശൗചാലയമെന്ന് പേരുള്ള വൃത്തിഹീന കേന്ദ്രത്തെ ആശ്രയിക്കാം.
പുരുഷന്മാരിൽ ചിലർ റോഡരികിലെങ്കിലും കാര്യം സാധിക്കുന്നു. ഓരോ വർഷവും കോർപറേഷൻ ബജറ്റിൽ ശൗചാലയ സംവിധാനത്തിന് നീക്കിവെക്കുന്ന തുക കേട്ടാൽ ഞെട്ടും.
നവീകരണത്തിന്റെ പേരിൽ എഴുതിത്തള്ളുന്നത് വേറെയും. ശക്തൻ നഗറിൽ സ്വകാര്യ ബസ് സ്റ്റാൻഡ്, മത്സ്യ-മാംസ്യ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, വടക്കേ ബസ് സ്റ്റാൻഡ്, കോർപറേഷന് മുന്നിൽ ജയ്ഹിന്ദ് മാർക്കറ്റ് എന്നിവിടങ്ങളിൽ ശൗചാലയമുണ്ട്. ഇതൊക്കെ വരുമാന മാർഗങ്ങളുമാണ്. ലക്ഷങ്ങളുടെ ടെൻഡറെടുത്ത് ഇഷ്ടക്കാർക്ക് കരാർ കൊടുക്കും. എന്നാൽ, പരിപാലനം തൊട്ടുതീണ്ടിയിട്ടില്ല. വന്ന് കയറുന്നരെ കൊള്ളയടിക്കാനാണ് ഇരിപ്പ്. രണ്ടുരൂപ ചെല്ലറയില്ലെങ്കിൽ കൊടുത്ത അഞ്ചിനും പത്തിനും ബാക്കിയില്ല.
‘ലഹരി’ക്കുള്ള ഒളിത്താവളം
തൃശൂർ: ലഹരി ഉപയോഗിക്കാനുള്ള ഒളിത്താവളമാണ് പലർക്കും പൊതുശൗചാലയങ്ങൾ. അതുകൊണ്ടുതന്നെ സ്ത്രീകൾക്കും പെൺകുട്ടികളും അടുക്കാൻ പേടിയാണ്. ശൗചാലയ പ്രശ്നം എല്ലാകാലത്തും വലിയ പ്രതിഷേധത്തിന് ഇടയാക്കുമ്പോൾ മാത്രമാണ് സ്ത്രീകൾ അടങ്ങുന്ന കൗൺസിൽ ചർച്ചയാവുക. ഇതിനുമുമ്പ് വനിതകൾ മേയറായിരുന്ന കാലത്തും ‘സ്ത്രീ സൗഹൃദ നഗര’ത്തിൽ വൃത്തിയുള്ള പൊതുശൗചാലയം ചർച്ചകളിൽ ഒതുങ്ങി. ഇടക്കാലത്ത് ഇ-ടോയ്ലറ്റുകൾ സ്ഥാപിച്ചെങ്കിലും ആറുമാസം പോലും പ്രവർത്തിച്ചില്ല. പരിപാലന ചുമതലയല്ലാത്തതിനാൽ കമ്പനി തിരിഞ്ഞുനോക്കിയില്ല. ഇപ്പോഴും നഗരത്തിൽ പലയിടത്തും ഇ-ടോയ് ലെറ്റിന്റെ ശേഷിപ്പുകൾ കാണാം. ഹൈടെക് സ്റ്റാൻഡ് ആയ വടക്കേ ബസ് സ്റ്റാൻഡിലാണ് വലിയ കുഴപ്പങ്ങളില്ലാതെ ശൗചാലയം പ്രവർത്തിക്കുന്നത്. പൂരത്തിന് തേക്കിൻകാട്ടിൽ ഒരുക്കുന്ന താൽക്കാലിക ശൗചാലയങ്ങളാണ് വർഷത്തിലൊരിക്കൽ ‘അനുഗ്രഹം’. ആകാശ നടപ്പാത പോലുള്ള പദ്ധതികൾക്ക് ‘മുളയ്ക്കുന്ന’ തലയിൽ ശൗചാലയം പോലുള്ള അടിസ്ഥാനാവശ്യം തോന്നാറില്ല.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.