പുതുക്കാട് ട്രെയിൻ പാളംതെറ്റൽ: അത്യാഹിതം ഒഴിവായത് തലനാരിഴക്ക്
text_fieldsആമ്പല്ലൂർ: ട്രെയിൻ പാളം തെറ്റിയ പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം അറ്റകുറ്റപ്പണിക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ട്രെയിനിന് വേഗം കുറവായിരുന്നതാണ് ഇവർക്ക് തുണയായത്. സ്റ്റേഷന് സമീപം തെക്കേ തൊറവിലെ ക്യാബിന് ഗേറ്റിന് സമീപം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോഷന്‍ സ്പോട്ടാക്കി വേഗം കുറച്ചാണ് ട്രെയിൻ കടത്തിവിട്ടിരുന്നത്. 20 കിലോമീറ്റർ മാത്രമായിരുന്നു വേഗം. വലിയ ശബ്ദം കേട്ട് ഓടി മാറുകയായിരുന്നെന്ന് പണിയെടുത്തിരുന്ന ജീവനക്കാർ പറഞ്ഞു.
ഇരുമ്പനത്തേക്ക് പെട്രോള്‍ കൊണ്ടുവരാന്‍ കോഴിക്കോട്ടുനിന്ന് വന്നതായിരുന്നു വണ്ടി. 12.42ന് മംഗലാപുരം -നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസും 12.50ന് ലോകമാന്യതിലക് - തിരുവനന്തപുരം കുര്‍ള നേത്രാവതി എക്സ്പ്രസും കടന്നുപോയതിനു പിറകെയാണ് ചരക്കുവണ്ടി വന്നത്. അപകടത്തെതുടര്‍ന്ന് പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തൊറവിലെ ക്യാബിന് ഗേറ്റിന് സമീപം അറ്റകുറ്റപ്പണി നടക്കുന്ന കോഷന്‍ സ്പോട്ടില്‍ 100 മീറ്ററോളം ഭാഗത്ത് പാളം വളഞ്ഞനിലയിലാണ്. ചരക്കു വണ്ടിക്ക് പിന്നാലെ നിറയെ യാത്രക്കാരുമായി പരശുറാം, നേത്രാവതി എക്സ്പ്രസ് ട്രെയിനുകളും വന്നിരുന്നു.
ക്യാബിന് ഗേറ്റിനു സമീപം അപകടം രണ്ടാം തവണ
ആമ്പല്ലൂര്‍: പുതുക്കാട് തെക്കെതൊറവിലെ ക്യാബിന് ഗേറ്റില്‍ ട്രെയിൻ പാളം തെറ്റുന്നത് ഇത് രണ്ടാം തവണയെന്ന് നാട്ടുകാര്‍. 10 വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് ചരക്ക് ട്രെയിൻ പാളം തെറ്റിയിരുന്നു. ഗോതമ്പ് കയറ്റിവന്ന ചരക്ക് ട്രെയിൻ പാളത്തില്‍ നിന്ന് മാറി സമീപത്തെ പറമ്പിലേക്ക് കയറുകയായിരുന്നു. അന്നും നിറയെ യാത്രക്കാരുള്ള പാസഞ്ചര്‍ ട്രെയിൻ കടന്നുപോയതിന് പിന്നാലെയാണ് ചരക്ക് ട്രെയിൻ പാളം തെറ്റിയത്.
ക്യാബിന് ഗേറ്റിനു സമീപത്തെ വളവില്‍ റെയില്‍ പാതക്കു താഴെ മെറ്റല്‍ ഇടിഞ്ഞിറങ്ങിയതായിരുന്നു അന്ന് അപകടത്തിന് കാരണമായത്.
റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗം മൂന്നു ദിവസം കഠിന പ്രയത്നം ചെയ്താണ് അന്ന് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. ഇത്തവണ ഗേറ്റിലെ 100 മീറ്റര്‍ ഭാഗത്തെ റെയിലില്‍ നിന്ന് സ്ലീപ്പറുകള്‍ വേര്പെട്ടിട്ടുണ്ടെങ്കിലും ബോഗികള്‍ വേര്‍പെടുകയോ അധികദൂരത്തേക്ക് നീങ്ങുകയോ ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.