സ്വരാജ് റൗണ്ടിൽ ഒറ്റപ്പുലി; സൈബർ റൗണ്ടിൽ പുലിക്കൂട്ടം
text_fieldsതൃശൂർ: കോവിഡ് കാലത്തെ തൃശൂരിെൻറ ഓണാഘോഷങ്ങൾക്ക് പുലിക്കളിയോടെ കൊടിയിറക്കം. കോവിഡ് നിയന്ത്രണം മൂലം സ്വരാജ് റൗണ്ടിലെ പുലിക്കളിക്ക് അനുമതിയില്ലാത്തതിനാൽ ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്ത് 'സൈബർ റൗണ്ടി'ലാണ് പുലികൾ ചുവടുവെച്ചത്.
വിയ്യൂരിൽനിന്ന് ഒറ്റപ്പുലിയെത്തി സ്വരാജ്‌റൗണ്ടിൽ നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച് ചടങ്ങ് നിർവഹിച്ചു. സ്വരാജ് റൗണ്ടിൽ കയറാറില്ലാത്ത കുമ്മാട്ടിവേഷം ഇത്തവണ പുലിയോടൊപ്പമെത്തിയത് കൗതുകമായി. അയ്യന്തോൾ ദേശമാണ് സമൂഹമാധ്യമത്തിലൂടെ പുലിക്കളി അവതരിപ്പിച്ചത്. വരയൻപുലി, പുള്ളിപ്പുലി, കുടവയറൻ പുലി എന്നിവക്കൊപ്പം കരിമ്പുലിയും ഇറങ്ങി. അരമണി കെട്ടി തനതു ശൈലിയിൽ താളച്ചുവടുവെച്ചാണ് പുലികൾ ആടിത്തിമിർത്തത്. കളി മുറുകിയതിനിടെ ആർത്തു പെയ്ത മഴയെ പുലിക്കൂട്ടവും സംഘാടകരും പുലിച്ചുവടുകൾവെച്ച് അവഗണിച്ചു. അയ്യന്തോൾ ദേശത്തിെൻറ ഫേസ്ബുക് പേജിലൂടെയായിരുന്നു സംപ്രേഷണം. ദൃശ്യമാധ്യമങ്ങളിലും തത്സമയ സംപ്രേഷണമുണ്ടായി.
കലക്ടറേറ്റിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്താണ് 'പുലിമട' ഒരുക്കിയത്. ജനത്തിരക്ക് ഒഴിവാക്കാൻ അവസാനനിമിഷമാണ് വേദി അറിയിച്ചത്. കൃത്യം മുന്നിനു തുടങ്ങിയ പുലിക്കളി 37 മിനിറ്റു നീണ്ടു. മുമ്പ് പുലിക്കൊട്ടിന് ഒന്നാംസ്ഥാനം നേടിയ രഞ്ജിത്ത് അടക്കമുള്ള പത്തംഗ സംഘമാണ് ഇക്കുറിയും മേളം പകർന്നത്. മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ഷാജൻ, കൗൺസിലർമാരായ എൻ. പ്രസാദ്, സുനിത വിനു, മേഫി ഡെൽസൺ എന്നിവർക്കൊപ്പം മുൻമന്ത്രി വി.എസ്. സുനിൽകുമാറും പുലികളെ കാണാനെത്തിയിരുന്നു. അയ്യന്തോൾ പുലിക്കളി സമിതി പ്രസിഡൻറ് എൻ.ആർ. ഡേവിസ്, സുരേഷ് ജേക്കബ്, പി. കൃഷ്ണൻ, ഷാജി എന്നിവർ നേതൃത്വം നൽകി.
വിയ്യൂർ ദേശത്തിനുവേണ്ടി മഞ്ഞവരയൻ പുലിവേഷം കെട്ടിയത് പി.എസ്. സുഷീലാണ്. നടുവിൽ പുരക്കൽ രാജനും മക്കളുമാണ് പുലിയെ ഒരുക്കിയത്. തൃശൂർ പൂരപ്രേമി സംഘം സമ്മാനിച്ച അരമണിയായിരുന്നു പുലി ധരിച്ചത്. ടി.ആർ. രാഹുലാണ് കുമ്മാട്ടിയായി വേഷമിട്ടത്. വിയ്യൂർ സെൻറർ പുലിക്കളി സമിതി രക്ഷാധികാരിയും കൗൺസിലറുമായ ജോൺ ഡാനിയൽ, കൺവീനർമാരായ പി.എസ്. സുമേഷ്, എം.എസ്. അരുൺ എന്നിവർ നേതൃത്വം നൽകി.
മുന്നറിയിപ്പില്ലാതെ ഇരട്ടപ്പുലികളെത്തി
തൃശൂർ: വിയ്യൂരിൽനിന്ന് മുന്നറിയിപ്പില്ലാതെ ഇരട്ടപ്പുലികളെത്തിയത് ആശയക്കുഴപ്പത്തിനിടയാക്കി. വിയ്യൂർ ദേശത്തുനിന്ന് കരിമ്പുലിയും വരയന്‍പുലിയും മൂന്നു വാദ്യക്കാരുമാണ് സ്വരാജ് റൗണ്ടിലെത്തിയത്. മണലാറുകാവ് ക്ഷേത്രത്തില്‍നിന്ന് വാഹനത്തിൽ നായ്ക്കനാലിലെത്തിയ പുലികൾ 10 മിനിറ്റോളം കളിച്ച് തേങ്ങയുടച്ച് മടങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരുടെ വിശദാംശങ്ങൾ ശേഖരിച്ചു. വിയ്യൂർ സെൻറർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു പുലിയെത്തി തേങ്ങയുടക്കുന്നത് മാത്രമേ പൊലീസിനെ അറിയിച്ചിരുന്നുള്ളൂ. എന്നാൽ, വിയ്യൂര്‍ പൊലീസിലും കോർപറേഷനെയും അറിയിച്ചിരുന്നുവെന്ന് വിയ്യൂര്‍ദേശം പുലിക്കളി കമ്മിറ്റി രക്ഷാധികാരിയും കോർപറേഷൻ കൗണ്‍സിലറുമായ എന്‍.എ. ഗോപകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.