പുലിക്കളിക്ക് പിന്നണിയിൽ കുടുംബശ്രീയും
text_fieldsതൃശൂർ: 11 വർഷത്തെ ഇടവേളക്ക് ശേഷം സീതാറാം മിൽ ദേശത്തിന്റെ പുലികൾ വീണ്ടും നഗരത്തിലിറങ്ങുമ്പോൾ പിന്നണി ഒരുക്കങ്ങളിൽ പങ്കാളികളായി കുടുംബശ്രീ കൂട്ടായ്മകളും. കൃഷിയും ഭക്ഷണവും കരകൗശല വസ്തുക്കളുമടക്കം വിവിധ മേഖലകളിൽ കരുത്ത് തെളിയിച്ച കുടുംബശ്രീ ഇതാദ്യമായിട്ടാണ് പുലിക്കളി സംഘാടക സമിതിയുടെ പിന്നണിയിലും സാന്നിധ്യമാകുന്നത്.
പുലിക്കളിയുടെ സുവർണകാലത്തെ രാജാക്കാൻമാരായിരുന്ന സീതാറാം മിൽ ദേശം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് മത്സരത്തിൽനിന്ന് പിൻമാറിയത്. പതിറ്റാണ്ടിന് ശേഷം വീണ്ടും രംഗത്ത് വരുമ്പോൾ രാജാവായി കപ്പ് നേടുകയെന്ന വീറും വാശിയുമുണ്ട്. ഈ പുലിവീര്യത്തിന് കരുത്ത് പകരുകയാണ് കുടുംബശ്രീയുടെ പിന്നണി പ്രവർത്തനം.
പുലി മുടിയുടെയും തൊപ്പിയുടെയും നിർമാണം പൂർണമായും കുടുംബശ്രീ അംഗങ്ങളായ വനിതകളായിരുന്നു. സി.ഡി.എസ് അംഗമായ വിജയലക്ഷ്മി, എ.ഡി.എസ് സെക്രട്ടറി മഞ്ജു മുരളീധരൻ, ഷീല ഉണ്ണികൃഷ്ണൻ, ശാന്ത രാമൻകുട്ടി, ഗീത, രാജി, രാധ ബൈജു എന്നിവരുടെ നേതൃത്വത്തിൽ വിവിധ അയൽക്കൂട്ടങ്ങളിലാണ് ഒരുക്കം നടത്തിയത്.
പുലികളി സംഘാടക സമിതി പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ, ജനറൽ കൺവീനർ എ.കെ. സുരേഷ്, സെക്രട്ടറി എം.കെ. മൃദീഷ്, കോഓഡിനേറ്റർ കെ. കേശവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പുലിക്കളി സംഘാടക സമിതിയുടെ പരിപൂർണ പിന്തുണയും പ്രോത്സാഹനവും വനിതാ കൂട്ടായ്മകൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.