കരാർ കാലാവധി കഴിഞ്ഞു എങ്ങുമെത്താതെ പുഞ്ചപ്പാടം -കുമ്പളക്കോട് റോഡ്
text_fieldsപഴയന്നൂർ: കാലാവധി കഴിഞ്ഞിട്ടും നിർമാണം എങ്ങുമെത്താതെ പുഞ്ചപ്പാടം -കുമ്പളക്കോട് റോഡ്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതി (പി.എം.ജി.എസ്.വൈ) പ്രകാരം കഴിഞ്ഞ മാസം സഞ്ചാര യോഗ്യമാക്കേണ്ട നാലുകിലോമീറ്റർ റോഡാണ് ഒരു വർഷം കഴിഞ്ഞിട്ടും പാതിവഴിയിൽ. 2.70 കോടിയാണ് കരാർ തുക.
കഴിഞ്ഞ വർഷം മാർച്ച് 30നാണ് റോഡ് നിർമാണം ആരംഭിച്ചത്. തുടക്കം മുതലേ പണികൾ ഇഴഞ്ഞാണ് നീങ്ങിയത്. പൂർണമായും പഴയ റോഡ് കുത്തിപൊളിച്ചാണ് നിർമാണം. കേന്ദ്ര, സംസ്ഥാന തലങ്ങളിലെ ഗുണനിലവാര നീരീക്ഷണമുണ്ടായിട്ടും റോഡ് നിർമാണം തൃപ്തികരമല്ലെന്നതാണ് വാസ്തവം. രണ്ടാഴ്ച് മുൻപ് വരെ പൊടികൊണ്ട് സഹിക്കാനാകാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ ദിവസത്തെ വേനൽമഴയാണ് കുറച്ച് ആശ്വാസം നൽകിയത്. ഭജന മഠം മുതൽ മെറ്റൽ മാത്രമാണിട്ടിരിക്കുന്നത്. പഞ്ചായത്തിലെ പ്രധാന ആദിവാസി കോളനിയായ കുമ്പളക്കോട് മാട്ടിൻമുകൾ കോളനിയിലേക്കുള്ള പ്രധാന റോഡാണിത്. ദിവസേന മൂന്ന് ബസുകൾ അരമണിക്കൂറിടവിട്ട് ഓടികൊണ്ടിക്കുന്ന റൂട്ടിൽ ഇപ്പോൾ ഓട്ടോ വിളിച്ചാൽ പോലും വരാത്ത അവസ്ഥയാണ്. നിർമാണ സാധനങ്ങളുടെ ലഭ്യതക്കുറവും ഉദ്യോഗസ്ഥരുടെ സഹകരണമില്ലായ്മയുമാണ് റോഡ് നിർമാണത്തിലെ തടസമെന്ന് കോൺട്രാക്ടർ ആരോപിക്കുന്നു. പണികൾ എത്രയും വേഗം തീർത്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.