നാശം വിതച്ച് മിന്നൽ ചുഴലി: നിരവധി മരങ്ങൾ വീണു, വീടുകൾ തകർന്നു
text_fieldsപുത്തൂര്‍: പുത്തൂരിലും പരിസരത്തും അതിശക്തമായ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശം. സുവോളജിക്കൽ പാർക്കിന് സമീപം മാഞ്ചേരി, വെട്ട്കാട്, തമ്പുരാട്ടിമൂല, കള്ളായി മേഖലകളിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. ആളുകള്‍ക്കോ വളര്‍ത്ത് മൃഗങ്ങൾക്കോ പരിക്കില്ല. മരങ്ങള്‍ വീണ് വീടുകള്‍ക്ക് നാശം സംഭവിച്ചു.മാഞ്ചേരിയിൽ മനകുളം വീട്ടിൽ യേശുദാസ്, മധുരകോട്ടിൽ കുഞ്ഞപ്പന്, പാണേങ്കാടന് റോസി, മുട്ടത്ത് തോമാസ്, ചാഴൂര്‍ ജോര്‍ജ് എന്നിവരുടെ വീടുകള്‍ക്ക് നാശം സംഭവിച്ചു. കുഴിക്കാട്ടിൽ സാൻറി ജോസഫിെൻറ വീടിന് മുകളിലെ ഷീറ്റുകള്‍ പറന്നു. മാളിയേക്കൽ ബാബു-മോളി ദമ്പതികളുടെ ആട്ടിന്‍ കൂടിന് മുകളിൽ മരം വീണ് കേട് സംഭവിച്ചു.
തലനാരിഴക്ക് രക്ഷെപ്പടൽ
മാഞ്ചേരിയിൽ മുട്ടത്ത് തോമാസും ഭാര്യ ലിജിയും പുലര്‍ച്ച പശു കറവക്ക് വേണ്ടി പുറത്തിറങ്ങിയപ്പോഴാണ് വലിയ ശബ്ദത്തോടെ കാറ്റ് വീശിയത്. വീടിന് സമീപത്തെ തെങ്ങ് മുറിഞ്ഞ് റോഡിൽ പതിച്ചതിനാൽ ഇരുവരും പശുക്കളും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഇവരുടെ വീടിെൻറ മുകളിലെ ട്രസ്സ് തകര്‍ന്ന് വീണു.സിറിയന്‍ പള്ളിയുടെ പറമ്പിൽ സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി നടത്തിയിരുന്ന മരോട്ടിച്ചാൽ കിടങ്ങന്‍ ആൻറു, നന്മനാലി വീട്ടിൽ ഷാജു എന്നിവരുടെ 3000 വാഴക്കുലകള്‍ ഒടിഞ്ഞ് വീണു.തമ്പുരാട്ടിമൂല മാങ്കൂട്ടത്തിൽ രാജൻ-ശാന്ത ദമ്പതികളുടെ വീടിന് മുകളിൽ മരംവീണ് വീട് നിശ്ശേഷം തകര്‍ന്നു. മാങ്കൂട്ടത്തിൽ ഗീരിഷിെൻറ വീട്, പള്ളത്തകുടി വർഗീസ്-മറിയാമ്മ എന്നീ വയോധികദമ്പതികളുടെ വീടിന് മുകളിലേക്കും സമീപത്തെ റബര്‍മരം വീണ് കേട് സംഭവിച്ചു.
പ്ലാക്കൽ ജയിംസ്, തട്ടാപറമ്പിൽ പത്മിനി എന്നിവരുടെ വീടിന് മുകളിലും മരം വീണു. കുന്നത്തുള്ളി ദശരഥെൻറ വീടിന് സമീപത്തെ തെങ്ങ് ഒടിഞ്ഞ് വീഴുന്ന സമയത്ത് ദശരഥന് നടക്കാന്‍ ഇറങ്ങുകയായിരുന്നു. ശബ്ദം കേട്ട്് പുറകോട്ട്് മാറിയതിനാൽ വന്‍ അപകടം ഒഴിവായി. രാവിലെ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവാന്‍ തന്നെ നാട്ടുകാർക്ക് സമയം എടുത്തു. പലരും ഉറക്കത്തിൽ സമീപവാസികളുടെ ബഹളം കേട്ടാണ് ഉണര്‍ന്നത്.
വൈദ്യുതി നിലച്ചു; സ്തബ്ധരായി നാട്ടുകാർ
കാറ്റ് വീശിയ വഴികളെല്ലാം യുദ്ധമൊഴിഞ്ഞ മൈതാനി പോലെയാണ്. മരങ്ങൾ കടപുഴകി വീണതോടെ കമ്പികള്‍ പൊട്ടിവീണ് വൈദ്യുതി വിതരണം നിലച്ചു. കാറ്റ് ശക്തമായിരുന്നെങ്കിലും മഴക്ക് തീവ്രത കുറവായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഉണര്‍ന്ന് പുറത്തിറങ്ങിയ നേരത്താണ് കാറ്റ് വീശിയത് എന്ന് രാവിലെ പശുക്കളുടെ കറവയുള്ളവര്‍ പറഞ്ഞു. കാറ്റ് വീശിയതും വൈദ്യുതി വിതരണം തടസ്സപ്പെട്ടതും ഒരേ സമയത്തായി.
മരം വീണ് വീടിെൻറ ഒാടുകള്‍ ഇളകിവീഴുന്നത് ഭൂമികുലുക്കമാേണാ എന്നും ജനങ്ങൾ സംശയിച്ചു. പരിഭ്രാന്തരായ ജനങ്ങൾ സമീപവാസികളെ വിളിച്ച് കൂട്ടിയാണ് ഒരോ വീട്ടുകാരെയും അന്വേഷിക്കാന്‍ തുടങ്ങിയത്. സംഭവം അറിഞ്ഞ് പരിസരങ്ങളിൽ താമസിക്കുന്ന ബന്ധുക്കൾ എത്തി മരം മുറിച്ച് മാറ്റുന്നതിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചു. തൃശൂരിൽനിന്ന് ഫയര്‍ഫോഴ്സ് ഒരു യൂനിറ്റ് എത്തി രക്ഷാപ്രവർത്തനം സജീവമാക്കി. ഏഴ് പേരടങ്ങുന്ന സംഘം മാഞ്ചേരിയിൽ റോഡിലേക്ക് വീണ മരങ്ങള്‍ മുറിച്ച് മാറ്റി. ഉച്ചക്ക് രണ്ടോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മുരുക്കുംപാറയിലും നാശം
മുരുക്കുംപാറയിലും ചെറിയതോതിൽ നാശനഷ്ടം സംഭവിച്ചു. പുറ്റിയാനിയിൽ ജോണിെൻറ വീട്ടിലെ 300 നേന്ത്രവാഴകളും റബര്‍, ജാതി, കവുങ്ങ് എന്നിവയും കാറ്റിൽ ഒടിഞ്ഞ് വീണു.ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ്, അംഗം ജോസഫ് ടാജറ്റ്, കെ.വി. സജു തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവത്തനങ്ങള്‍ക്ക് നേതൃത്വം നൽകി. ഒല്ലൂർ പൊലീസ്, പുത്തൂര്‍, കൈനൂര്‍ വില്ലേജ് ഒാഫിസർമാര്‍, ആര്.ഡി.ഒ വിഭൂഷണന്‍, തഹസിൽദാര്‍ ടി. ജയശ്രീ എന്നിവരും സ്ഥലം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി. ഉച്ചക്ക് റവന്യൂ മന്ത്രി കെ. രാജന് ഓണ്‍ലൈനായി കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പുത്തൂര്‍ പഞ്ചായത്ത് ഒാഫിസിൽ അടിയന്തരയോഗം ചേര്‍ന്ന് നാശനഷ്ടം സംബന്ധിച്ച് വിവിധ വകുപ്പുകള്‍ എകോപിപ്പിച്ച് സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കുന്നതിനും നാശനഷ്ടം സംഭവിച്ചവര്‍ക്ക് ധനസഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങള്‍ അടിയന്തരമായി നൽകുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
24 മണിക്കൂറിനുള്ളിൽ അടിയന്തര നടപടി -മന്ത്രി
തൃശൂർ: പുത്തൂരിൽ മിന്നൽ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ അടിയന്തര നടപടികൾക്ക് റവന്യൂ മന്ത്രി കെ. രാജൻ നിർദേശം നൽകി. കലക്ടർ ഹരിത വി. കുമാറിെൻറ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അടിയന്തര യോഗത്തിലാണ് നിർദേശം നൽകിയത്.
നാശനഷ്ടങ്ങൾ വിലയിരുത്തി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. തകർന്ന വീടുകളിൽനിന്ന് ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാൻ തയാറാകുന്നവർക്ക് വേണ്ട ഭക്ഷണവും രോഗികളുണ്ടെങ്കിൽ ആവശ്യമായ മരുന്നുകളും നൽകണം. നാശനഷ്ടം നേരിട്ട വാർഡുകളിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്ഥിതിഗതി വിലയിരുത്തി ആവശ്യമായ സഹായസഹകരണങ്ങൾ എത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
30 വീടുകൾക്ക് നാശം
തൃശൂർ: 30 വീടുകൾക്ക് ഭാഗികമായും പൂർണമായും കേടുപറ്റിയതായി കൃഷി ഓഫിസർ ശ്രുതി രാജ് അറിയിച്ചു. നൂറുകണക്കിന് തേക്ക്, റബർ, 7000 നേന്ത്രവാഴകൾ, കാലിത്തൊഴുത്തുകൾ, ട്രസുകൾ, ജാതി, തെങ്ങ് എന്നിവക്ക് നാശനഷ്ടം നേരിട്ടു. നാശനഷ്ടം ഏറ്റവും കൂടുതൽ നേരിട്ട നാലാം വാർഡിൽ 14 വീട് ഭാഗികമായും രണ്ടു വീട് പൂർണമായും തകർന്നു.
തകർന്ന കാലുകൾ നന്നാക്കി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. റോഡുകളിൽനിന്ന് മരങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് ഡിസാസ്റ്റർ മാനേജ്മെൻറ് ഡെപ്യൂട്ടി കലക്ടർ ഐ.ജെ. മധുസൂദനൻ അറിയിച്ചു. വീടുകളിൽനിന്ന് താമസം മാറേണ്ടവർക്ക് പുത്തൂർ ഗവ. എൽ.പി.എസിൽ ക്യാമ്പ് ഒരുക്കിയതായി തഹസിൽദാർ ജയശ്രീ അറിയിച്ചു.
യോഗത്തിൽ ജില്ല പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഡിസാസ്റ്റർ മാനേജ്മെൻറ് കമീഷണർ കൗശികൻ, ലാൻഡ് റവന്യൂ കമീഷണർ കെ. ബിജു, എൽ.എസ്.ജി.ഡി അധികൃതർ, തൃശൂർ ഡി.എഫ്.ഒ എസ്. ജയശങ്കർ, ചാലക്കുടി റേഞ്ച് ഓഫിസർ സുമ സ്കറിയ, പുത്തൂർ പഞ്ചായത്ത് അംഗങ്ങളായ ടി.സി. ജിനോ, ലിബി വർഗീസ്, പഞ്ചായത്ത് സെക്രട്ടറി, ജില്ല പഞ്ചായത്ത് അംഗം കെ.വി. സജു, കെ.എസ്.ഡി.എം.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മൂന്ന് ലക്ഷത്തിെൻറ നാശമെന്ന് കെ.എസ്.ഇ.ബി
തൃശൂർ: മിന്നൽ ചുഴലിക്കാറ്റില്‍ പ്രദേശത്ത് മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കെ.എസ്.ഇ.ബി എന്‍ജിനിയര്‍ അറിയിച്ചു. ആറ് കാലുകള്‍ തകര്‍ന്നതായി മിന്നല്‍ ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തില്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ചേർന്ന അടിയന്തര യോഗത്തിൽ അധികൃതർ വിശദീകരിച്ചു.
50 ഹെക്ടറോളം കൃഷി നശിച്ചതായാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസത്തിനുള്ളില്‍ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്ന് കൃഷി ഓഫിസര്‍ പറഞ്ഞു. നാശനഷ്ടങ്ങളുടെ സ്ഥിതി വിലയിരുത്തി പരമാവധി ധനസഹായം നല്‍കണമെന്ന് വാര്‍ഡ് മെംബര്‍മാര്‍ അഭ്യർഥിച്ചു. മാറ്റി പാര്‍പ്പിക്കേണ്ട കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് പഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണന് പറഞ്ഞു.
കള്ളായിയിലും വ്യാപക നാശം
ആമ്പല്ലൂര്‍: കള്ളായിയിലും മിന്നൽ ചുഴലി. ബുധനാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിൽ പുലിക്കണ്ണി-കള്ളായി റോഡിൽ വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നാല് വൈദ്യുതി കാലുകള്‍ നിലംപൊത്തി. റോഡിൽ വീണ മരങ്ങള്‍ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മേഖലയിൽ വൈദ്യുതി ബന്ധം നിലച്ചു.
വാഴ, കവുങ്ങ്, ജാതി തുടങ്ങി നിരവധി കര്‍ഷിക വിളകള്‍ നശിച്ചു. കുട്ടന്‍ചിറ തേക്ക് തോട്ടത്തിലും നിരവധി മരങ്ങള്‍ കടപുഴകിവീണു.
പുത്തൂരിൽ താണ്ഡവമാടിയത് വാത വിസ്ഫോടനം
തൃശൂർ: പുത്തൂരിൽ വ്യാപക നാശനഷ്ടം ഉണ്ടാക്കിയത് വാത വിസ്ഫോടനമാണെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ. ഉയർന്നുപൊങ്ങിയ മേഘങ്ങളിൽനിന്ന് വായുവിെൻറ അതിസമ്മർദത്തിലുള്ള കീഴ്തള്ളലാണ് വാത വിസ്ഫോടനം (മൈക്രോ ബസ്റ്റ്). സമീപകാലങ്ങളിൽ മേഘങ്ങളിൽ കാണുന്ന പ്രകടമായ മാറ്റം വലിയ തോതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അപകടകരമായ മേഘങ്ങളുടെ ആധിക്യം കാര്യങ്ങൾ പ്രതികൂലമാക്കുകയാണ്.
കാലവർഷത്തിൽ മഴമേഘങ്ങൾക്ക് പകരം ഇടിമിന്നൽ മേഘങ്ങൾ കാണപ്പെടുന്ന സാഹചര്യം അടുത്ത കാലങ്ങളിൽ സാധാരണമാണ്. 2018, 2019 കാലയളവിൽ പ്രളയമൊരുക്കുന്നതിൽ സുപ്രധാന ഘടകം ഇത്തരം മേഘങ്ങളാണെന്ന പഠന റിപ്പോർട്ടുകൾ വരെയുണ്ട്. അതിതീവ്ര മഴ, ഭീകര കാറ്റുകൾ, അസ്വാഭാവികമായ ആലിപ്പഴ വീഴ്ച, താപവിസ്ഫോടനം അടക്കം ഇതിെൻറ ഭാഗമായി പ്രതീക്ഷിക്കാം. പുത്തൂരിൽ സുവോളജിക്കൽ പാർക്കിന് സമീപം രണ്ടു മലകൾക്കിടയിൽ മൂന്നു കിലോമീറ്ററിലാണ് വാത വിസ്ഫോടനം താണ്ഡവമാടിയത്. ഭീകര മുഴക്കവും ഉണ്ടായിരുന്നു. പുലർച്ച വമ്പൻ കാറ്റ് ഉണ്ടായ സാഹചര്യത്തിൽ ആകാശത്ത് കട്ടിയുള്ള മേഘങ്ങൾ കാണപ്പെട്ടതായി പരിസരവാസികളുടെ നിരീക്ഷണം ഇക്കാര്യം ശരിവെക്കുന്നതാണ്.
ആഗസ്റ്റ് ആദ്യത്തിൽ വരടിയം, മുണ്ടൂർ ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒറ്റപ്പെട്ട രീതിയിലാണെങ്കിലും ഇവയുടെ ആഘാതം ഭീകരമാണ്. മാറിയ കാലാവസ്ഥ വ്യതിയാന നാളുകളിൽ ഇവ ആവർത്തിക്കപ്പെടാനുള്ള സാഹചര്യമാണ് വിലയിരുത്തപ്പെടുന്നത്.
hurricane: Many trees fell, houses collapsed
hurricane
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.