വൈദ്യുതി നിലച്ചാൽ പുതുക്കാട് സിഗ്നൽ കണ്ണടക്കും
text_fieldsആമ്പല്ലൂർ: വൈദ്യുതി നിലച്ചാൽ ദേശീയപാതയിലെ പുതുക്കാട് ജങ്ഷനിലെ സിഗ്നലും നിലക്കുമെന്ന സ്ഥിതിയാണ്. മൂന്നു ദിവസമായി തിരക്കേറിയ പുതുക്കാട് സെന്ററിലെ സിഗ്നൽ ഇടവിട്ടാണ് പ്രവർത്തിക്കുന്നത്. ഈ സമയങ്ങളിൽ ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ളവർ ജീവന് പണയംവെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. മൂന്ന് ദിവസമായി ഇവിടെ ഇടക്കിടെ സിഗ്നല്‍ പ്രവര്‍ത്തിക്കുന്നില്ല. ഞായറാഴ്ച രാവിലെ മുതൽ സിഗ്നൽ പ്രവർത്തിച്ചില്ല. വാഹനങ്ങളും കാല്‍നടയാത്രികരും റോഡ് മുറിച്ചുകടക്കുന്നത് ഏറെ സമയമെടുത്തും ആശങ്കയോടെയുമാണ്. ദേശീപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ വേഗത്തില്‍ പാഞ്ഞുപോകുമ്പോള്‍ അതിനിടയിലൂടെ കാഞ്ഞൂപാടം, റെയിൽവേ സ്റ്റേഷന് റോഡുകളിലേക്ക് കടക്കാനാണ് യാത്രക്കാര്‍ ബുദ്ധിമുട്ടുന്നത്.
വൈദ്യുതി സാങ്കേതിക തകരാര്‍ മൂലമാണ് സിഗ്നല്‍ പ്രവര്‍ത്തിക്കാത്തത്. ദേശീയപാതയിലെ സിഗ്നൽ സംവിധാനത്തിന്റെ അറ്റകുറ്റപ്പണികളുടെ ചുമതല ടോൾ കരാർ കമ്പനി സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സിഗ്നൽ തകരാറിനെക്കുറിച്ച് ടോൾപ്ലാസ അധികൃതരും തിരിഞ്ഞുനോക്കുന്നില്ല. നാട്ടുകാരുടെ പരാതി ശക്തമായതോടെ തിരക്കുകൂടുന്ന സമയങ്ങളില്‍ പൊലീസ് ഹോം ഗാര്‍ഡിന്റെ സേവനം ഏർപ്പെടുത്തുന്നുണ്ടെങ്കിലും സുരക്ഷിത യാത്രക്ക് ഇതു പോരാതെ വരികയാണ്. സിഗ്നല്‍ സംവിധാനത്തിലെ തകരാർ പരിഹരിക്കണമെന്നും സുരക്ഷിത യാത്ര ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.