പുത്തൂർ സുവോളജിക്കൽ പാർക്ക്: തുടരുന്ന കാത്തിരിപ്പ്, അഴിയാതെ കുരുക്ക്
text_fieldsതൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ പണി പുരോഗമിക്കുകയാണ്. രാജ്യാന്തര നിലവാരത്തിൽ തീർത്തും ശാസ്ത്രീയമായ നിർമാണ പ്രവർത്തനമാണ് പുരോഗമിക്കുന്നത്. പാർക്ക് പൂർണസജ്ജമാവാൻ അടുത്ത വർഷം വരെ കാത്തിരിപ്പ് തുടരുകയല്ലാതെ രക്ഷയില്ല. മഴ മാറി. പണത്തിന് പഞ്ഞവുമില്ല.
ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്ക് അനുകൂലമായ താമസസൗകര്യം ഒരുക്കുന്ന നിർമാണപ്രവർത്തനം ഏറെ ശ്രമകരമാണ്. ആഗോള നിലവാരത്തിൽ ജൈവ വൈവിധ്യം നിലനിർത്തിക്കൊണ്ട് ജീവികൾക്ക് അനുഗുണമായ ആവാസകേന്ദ്രങ്ങൾ ഒരുക്കുന്നതിന് അനുമതി ലഭിക്കുന്നതും ഏറെ സാഹസമാണ്. വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന പദ്ധതിയാണെങ്കിലും കിഫ്ബി പദ്ധതിയിലൂടെ പാർക്കിന് ജീവൻ വെക്കുകയായിരുന്നു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ നിർമാണ പ്രവർത്തനങ്ങളിൽ ഫണ്ട് ഉപയോഗത്തിൽ ഒന്നാം സ്ഥാനം പുത്തൂർ സുവോളജിക്കൽ പാർക്കിനാണ്. രാജ്യം തൃശൂരിലേക്ക് ഒഴുകാൻ കാരണമാവുന്ന പദ്ധതിക്ക് ഗതിവേഗമാണ് വേണ്ടത്. അതിന് കേന്ദ്ര മൃഗശാല അതോറിറ്റി അധികൃതർ കൂടി കനിയണം. 330 കോടിയാണ് പദ്ധതിക്കായി കണക്കാക്കുന്ന ചെലവ്. കിഫ്ബിയിൽനിന്ന് 269 കോടി ലഭിക്കും.
കാട്ടുപോത്തുകൾക്ക് സുഖവാസം
മൂന്നു ഘട്ടങ്ങളുള്ള നിർമാണ പ്രവർത്തനങ്ങളിൽ ഒന്നാംഘട്ടം പൂർത്തിയായിട്ട് മാസങ്ങളായി. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി കിട്ടിയാൽ മാത്രമേ ഇങ്ങോട്ട് തൃശൂർ മൃഗശാലയിൽനിന്ന് ജീവികളെ മാറ്റാനാവൂ. ആദ്യഘട്ടത്തിൽ നാലു കൂടുകളുടെ നിർമാണമാണ് പൂർത്തിയായത്. കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത്, പക്ഷിക്കൂടുകൾ എന്നിവയാണ് ഒരുങ്ങിയത്. കാട്ടുപോത്തിന്റെതാണ് ഇതിൽ വലിയ ആവാസകേന്ദ്രം.
ഒരേക്കറോളം വിസ്തൃതിയിൽ നാലു കാട്ടുപോത്തുകൾക്ക് സുഖവാസം. മൂന്ന് ആണിനെയും ഒരു പെണ്ണിനെയുമാണ് തിരുവനന്തപുരം മൃഗശാലയിൽനിന്ന് ഇങ്ങോട്ടു കൊണ്ടുവരുക. സിംഹവാലന്റേയും മറ്റു കുരങ്ങുകളുടേയും കൂടുകൾ ഗ്ലാസ് ഷെൽട്ടറിൽനിന്ന് കാണാം. ഇവക്ക് അര ഏക്കറോളം വിസ്തൃതിയുണ്ടാകും. തൃശൂർ മൃഗശാലയിൽനിന്ന് ദേശീയപക്ഷിയായ മയിലും കാടപ്പക്ഷികളും തത്തയും വേഴാമ്പലും ലവ് ബേർഡ്സും അടക്കമുള്ള പക്ഷികളാണ് എത്തുക.
ചികിത്സക്ക് തയാറായി മൃഗശാല ആശുപത്രി
തൃശൂർ: മൃഗ ചികിത്സക്ക് അത്യാധുനിക മൃഗശാല ആശുപത്രി പൂർണ സജ്ജമായിക്കഴിഞ്ഞു. മൃഗങ്ങൾ ഇങ്ങോട്ട് എത്തുന്ന മുറക്ക് അതിനനുസരിച്ച് ചികിത്സ ഒരുക്കാൻ ഡോക്ടർമാരെ അടക്കം കണ്ടെത്തിക്കഴിഞ്ഞു. അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം, അടുക്കള, സ്റ്റോർ റൂം സമുച്ചയം എന്നിവയും പൂർത്തിയായിട്ടുണ്ട്. 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലവിതരണ സംവിധാനവും പൂർത്തിയാക്കിയിരുന്നു. മണലിപ്പുഴയിൽ പമ്പ്ഹൗസും ഒരുക്കിക്കഴിഞ്ഞു. ജലസേചന വകുപ്പുമായാണ് ഇതുമായി ബന്ധപ്പെട്ട കരാർ.
70 ശതമാനവും പൂർത്തിയായി രണ്ടാംഘട്ടം
തൃശൂർ: ജൈവ വൈവിധ പാർക്കും രാത്രി സഞ്ചാര ജീവികളുടെ ആവാസവ്യവസ്ഥയും കൂടാതെ മാൻകൂടും പുലി, കടുവ, സിംഹക്കൂടുകളും മുതലക്കുളവുമായി രണ്ടാംഘട്ട നിർമാണ പ്രവർത്തനം 70 ശതമാനം പിന്നിട്ടു കഴിഞ്ഞു. പാമ്പ്, മൂങ്ങ, വവ്വാൽ, ഉരകങ്ങൾ അടക്കം രാത്രി സജീവമാകുന്ന ജീവികൾക്ക് അതിന് അനുസരിച്ച കേന്ദ്രങ്ങളാണ് നിർമിക്കുന്നത്. പാർക്കിന്റെ സൗന്ദര്യവത്കരണത്തിന് അനുയോജ്യമായ രീതിയിലാണ് ജൈവ വൈവിധ്യ പാർക്ക് തയാറാക്കുന്നത്. കാട്ടിലെ ജീവിതത്തിന് സമാനമായാണ് മാനുകൾക്കും കൂടൊരുക്കുന്നത്.
മൂന്നാംഘട്ട നിർമാണ പ്രവർത്തനം 40 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. അതിവേഗം നിർമാണം പൂർത്തിയാക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. സീബ്ര, ഒട്ടകപ്പക്ഷി, ജിറാഫ്, കരടി, വരയാട്, കാട്ടുപട്ടി, കുറുക്കൻ അടക്കമുള്ളവയുടെ കൂടുകളാണ് മൂന്നാംഘട്ടത്തിൽ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.