ചീറ്റ വേണ്ട ഒരു പുള്ളിപ്പുലിയെങ്കിലും...
text_fieldsതൃശൂർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നമീബിയൻ ചീറ്റപ്പുലികൾ മധ്യപ്രദേശിലെ കുനോ നാഷനല്‍ പാര്‍ക്കില്‍ എത്തിയപ്പോഴും എന്ന് തുറക്കുമെന്നറിയാതെ പുത്തൂർ സുവോളജിക്കൽ പാർക്ക്.
കഴിഞ്ഞ ഡിസംബറിൽ പണി പൂർത്തിയാക്കി തുറക്കുമെന്നായിരുന്നു നേരെത്ത പറഞ്ഞിരുന്നത്. മൃഗ സൗഹൃദ അന്തരീക്ഷം പൂർണ സജ്ജമാക്കി 2023ഓടെ മൃഗങ്ങളെ എത്തിക്കാനാണ് ഇപ്പോൾ ശ്രമം.
330 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് 269 കോടി ലഭിക്കും. പണമുണ്ടായിട്ടും പണി മുടങ്ങുന്നതിന്റെ കാരണം കാലാവസ്ഥയാണ്. മഴ മാറിയ സാഹചര്യത്തിൽ പണി കൂടുതൽ മുന്നേറുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതർ.
മൃഗങ്ങളുടെ ചികിത്സക്ക് അത്യാധുനിക ആശുപത്രി പൂർണ സജ്ജമായിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം, കിച്ചൻ, സ്റ്റോർ റൂം സമുച്ചയം എന്നിവയുടെ നിർമാണവും പൂർത്തിയായി. 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലവിതരണ സംവിധാനവും മണലിപ്പുഴയിൽ പമ്പ്ഹൗസും നേരത്തേ പൂർത്തിയായിരുന്നു. ജല വിതരണത്തിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
രണ്ടാം ഘട്ടം 92 ശതമാനം പൂർത്തിയായി
പുത്തൂർ സുവോളജിക്കൽ പാർക്കിന്‍റെ രണ്ടാംഘട്ട ആവാസ ഇടങ്ങളുടെ പണി 92 ശതമാനം കഴിഞ്ഞു. ബാക്കി എട്ടു ശതമാനം ദ്രുതഗതിയിൽ തീർക്കാനാണ് ശ്രമം. രാജ്യാന്തര നിലവാരത്തിൽ തീർത്തും ശാസ്ത്രീയമായ നിർമാണമാണ് പുരോഗമിക്കുന്നത്.
ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്ക് അനുകൂലമായ താമസസൗകര്യം ഒരുക്കുന്നത് ഏറെ ശ്രമകരമാണ്. ജൈവ വൈവിധ പാർക്കും രാത്രി സഞ്ചാര ജീവികളുടെ ആവാസവ്യവസ്ഥയും കൂടാതെ മാൻകൂടും പുലി, കടുവ, സിംഹം എന്നിവക്കുള്ള കൂടുകളും മുതലക്കുളവുമാണ് രണ്ടാംഘട്ട നിർമാണ പ്രവർത്തനത്തിലുള്ളത്. സൗന്ദര്യത്തിന് കൂടി മുൻഗണന നൽകിയാണ് ജൈവവൈവിധ്യ പാർക്ക് ഒരുങ്ങുന്നത്.
പകുതി പോലുമെത്താതെ മൂന്നാം ഘട്ടം
വല്ലാതെ ഇഴയുകയാണ് മൂന്നാംഘട്ട നിർമാണ പ്രവർത്തനം. നേരത്തെ പൂർത്തിയായ 40 ശതമാനം പണികളിൽ അഞ്ചു ശതമാനം മാത്രമാണ് പുരോഗതി. 12 ആവാസ ഇടങ്ങളാണ് മൂന്നാം ഘട്ടത്തിൽ ഒരുങ്ങുന്നത്. ഹിപ്പോപൊട്ടാമസ്, സീബ്ര, ഒട്ടകപക്ഷി, ജിറാഫ്, ഹിമാലയൻ കരടി, നാടൻ കരടി, നീലഗരി വരയാട്, നാടൻ വരയാട്, കാട്ടുപട്ടി, കുറുക്കൻ, കഴുതപ്പുലി, മയിലുകൾ, പ്രാപ്പിടിയൻ, പരുന്ത് എന്നിവക്കുള്ള ഇടങ്ങളാണ് ഒരുങ്ങുന്നത്.
വേണം, ആവാസ കേന്ദ്രങ്ങൾക്ക് അനുമതി
ആഗോള നിലവാരത്തിൽ ജൈവ വൈവിധ്യം നിലനിർത്തിക്കൊണ്ട് ജീവികൾക്ക് അനുഗുണമായ ആവാസ കേന്ദ്രങ്ങൾ ഒരുക്കുന്നതിന് കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിക്കുക ഏറെ സാഹസമാണ്. വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന നടപടിയാണിത്.
മൂന്നുഘട്ടങ്ങളായ നിർമാണ പ്രവർത്തനങ്ങളിൽ ഒന്നാംഘട്ടം പൂർത്തിയായിട്ട് മാസങ്ങളായി. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി കിട്ടിയിൽ മാത്രമേ തൃശൂർ മൃഗശാലയിൽ നിന്നും ജീവികളെ ഇങ്ങോട്ട് മാറ്റാനാവൂ. ആദ്യഘട്ട നിർമാണത്തിൽ നാലു കൂടുകളുടെ നിർമാണമാണ് പൂർത്തിയായത്. കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത്, പക്ഷികൾ എന്നിവക്കുള്ള കൂടുകളാണ് ഒരുങ്ങിയത്.
കാട്ടുപോത്തിന്‍റെതാണ് ഇതിൽ വലിയ ആവാസകേന്ദ്രം. ഒരേക്കറോളം വിസ്തൃതിയിലാണ് നാല് കാട്ടുപോത്തുകൾക്ക് സുഖവാസം. മൂന്ന് ആണിനെയും ഒരു പെണ്ണിനെയും തിരുവനന്തപുരം മൃഗശാലയിൽനിന്നാണ് എത്തിക്കുക. സിംഹവാലന്റേയും മറ്റ് കുരങ്ങുകളുടേയും അര ഏക്കറോളം വിസ്തൃതിയുള്ള കൂടുകൾ ഗ്ലാസ് ഷെൽറ്ററിൽ നിന്ന് കാണാം.
മയിലും കാടപക്ഷികളും തത്തയും വേഴാമ്പലും ലൗ ബേർഡ്‌സും തൃശൂർ മൃഗശാലയിൽ നിന്നും എത്തിക്കും. അതേസമയം സുവോളജിക്കൽ പാർക്കിന് കേന്ദ്രാനുമതി ലഭിച്ചെങ്കിലും കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.