സുരക്ഷിതയാത്രക്ക് നഗരത്തിൽ ക്യു.ആർ കോഡ് പതിച്ച ഓട്ടോകൾ
text_fieldsതൃശൂർ: കോർപറേഷൻ പരിധിയിൽ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളിൽ ക്യു.ആർ കോഡ് പതിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ഓട്ടോ ഉടമയുടെ പേര്, വാഹന നമ്പർ, പെർമിറ്റ് നമ്പർ, പെർമിറ്റ് കാലാവധി തുടങ്ങിയ വിവരങ്ങൾ ലഭിക്കും. രാത്രി വൈകി തനിച്ചു യാത്ര ചെയ്യുന്നവർക്കും മറ്റും വാഹനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നത് സഹായകരമാകും. സുരക്ഷിതയാത്രക്ക് സുപ്രധാന നടപടിയാകും ഇത്.
ആർ.ടി ഓഫിസിനാണ് നിർവഹണ ചുമതല. സാങ്കേതിക സഹായം എൻ.ഐ.സി നൽകും. ഓട്ടോറിക്ഷ തൊഴിലാളി സംഘടനകളുടെ ജില്ല കോഓഡിനേഷൻ കമ്മിറ്റിയുടെ സഹായത്തോടെ കോർപറേഷൻ പരിധിയിൽ പെർമിറ്റ് ഉള്ള ഓട്ടോകളുടെ വിവരങ്ങളടങ്ങിയ കരട് രേഖ തയാറാക്കി.
ഇത് കലക്ടർ ഹരിത വി. കുമാർ മേയർ എം.കെ. വർഗീസിന് കൈമാറി പ്രകാശനം ചെയ്തു. ഒരുമാസത്തിനുള്ളിൽ സിറ്റി പെർമിറ്റ് ഓട്ടോകളുടെ വിവരങ്ങൾ പൂർണമായി തയാറാക്കാനും അതിനനുസൃതമായി ഓട്ടോകൾക്ക് സ്റ്റിക്കർ നൽകാനുമാണ് ലക്ഷ്യം. ഓട്ടോകളിൽ പതിപ്പിക്കുന്ന ക്യു.ആർ കോഡ് അടങ്ങിയ സ്റ്റിക്കറിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. കലക്ടർ ഹരിത വി. കുമാർ ഓട്ടോത്തൊഴിലാളികൾക്ക് സ്റ്റിക്കർ വിതരണം ചെയ്തു. വാഹനത്തിന്റെ മുൻവശത്തും പിന്നിലും സ്റ്റിക്കർ പതിക്കും.
കോർപറേഷൻ സ്ഥിരം സമിതി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, ആർ.ടി.ഒ കെ.കെ. സുരേഷ്കുമാർ, ജോയന്റ് ആർ.ടി.ഒ കെ. രാജേഷ്, ഓട്ടോറിക്ഷ തൊഴിലാളി സംഘടനനേതാക്കളായ കെ.വി. ഹരിദാസ്, എ.ടി. ജോസ്, സി.വി. ദേവസി, കെ.എ. മാത്യൂസ്, ഓട്ടോ തൊഴിലാളികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.