പുന്നക്കബസാറിലെ ഇരട്ടകളെത്തേടി എലിസബത്ത് രാജ്ഞിയുടെ കത്ത്
text_fieldsകൊടുങ്ങല്ലൂർ: ബ്രിട്ടനിൽനിന്നു എലിസബത്ത് രാജ്ഞിയുടെ മറുപടിക്കത്ത് ലഭിച്ച സന്തോഷത്തിലാണ് മതിലകം പുന്നക്ക ബസാറിലെ ഇരട്ട സഹോദരിമാരായ വിദ്യാർഥികൾ. പുന്നക്കബസാർ പടിഞ്ഞാറ് താമസിക്കുന്ന തൃശൂർ കൂർക്കഞ്ചേരി സ്വദേശി കാക്കശ്ശേരി സന്തോഷ്-മെല്‍ഫി ദമ്പതികളുടെ മക്കളായ ആൻലിൻ, ആൻലിറ്റിൻ എന്നിവർക്കാണ് ബ്രിട്ടനിൽനിന്നു രാജ്ഞിയുടെ മറുപടിക്കത്ത് തപാലിൽ ലഭിച്ചത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളായ ഇരുവരും കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ബക്കിങ്ഹാം കൊട്ടാരത്തിെൻറ വിലാസത്തില്‍ രാജ്ഞിക്ക് കത്തെഴുതിയത്. ലണ്ടന്‍ സന്ദര്‍ശിക്കാനും രാജ്ഞിയെ കാണാനും ആഗ്രഹമുണ്ടെന്ന് വിവരിക്കുന്ന കത്തിൽ രാജ്ഞിയെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇരുവരും വരച്ച തൃശൂര്‍ പൂരത്തിെൻറയും ആലപ്പുഴ കായലിെൻറയും ചിത്രങ്ങളും കത്തിനൊപ്പം അയച്ചിരുന്നു.
ഒരു മാസം പിന്നിട്ട വേളയിൽ കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായി മറുപടി ലഭിച്ചത്. നല്ല അക്ഷരങ്ങളില്‍ കത്ത് എഴുതിയതിനും ചിത്രങ്ങള്‍ വരച്ച് അയച്ചതിലും നന്ദി രേഖപ്പെടുത്തുന്ന കത്തിൽ ഇരുവര്‍ക്കും രാജ്ഞി നല്ല ഒരു വര്‍ഷം ആശംസിക്കുകയും ചെയ്യുന്നുണ്ട്. ചിത്രരചനയില്‍ കേരള ലളിതകല അക്കാദമിയുടെ അടക്കം ഒട്ടേറെ സമ്മാനങ്ങള്‍ ഇരുവർക്കും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.