ഗ്രാൻഡ് മാസ്റ്ററായി കൗൺസിലർ; ഓൺലൈൻ ക്വിസിനെ നെഞ്ചേറ്റി കപ്പിയൂർ
text_fieldsഗുരുവായൂർ: വെള്ളിയാഴ്ച രാത്രി ഗുരുവായൂർ നഗരസഭ 34ാം വാർഡ് കപ്പിയൂരിലുള്ളവരെല്ലാം ആകാംക്ഷയുടെ മുൾമുനയിലായിരുന്നു. വാർഡിലുള്ളവരെല്ലാം പങ്കെടുക്കുന്ന ഓൺലൈൻ ക്വിസിൽ ആരാണ് ഒന്നാമനെന്നറിയാനായിരുന്നു ആകാംക്ഷ. ലോക്ഡൗൺ കാലത്ത് വാർഡ് അംഗങ്ങളുടെ പൊതുവിജ്ഞാനം അളന്നറിയാൻ കൗൺസിലർ തന്നെയാണ് ഗ്രാൻഡ് മാസ്റ്ററായത്. വാർഡ് കൗൺസിലർ ബഷീർ പൂക്കോടിെൻറ ചിന്തയിൽ വിരിഞ്ഞതായിരുന്നു വാർഡ് അംഗങ്ങൾക്കായുള്ള ക്വിസ് മത്സരം.
ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചപ്പോൾ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ഉണ്ടായതെന്ന് ബഷീർ പറഞ്ഞു. ജനറൽ വിഭാഗത്തിൽ ഷിഹാബ് ഉമ്മർ, സുനീഷ് എന്നിവരും വനിത വിഭാഗത്തിൽ ശ്രീലക്ഷ്മി, ബീന പ്രകാശ് എന്നിവരുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടിയവർ. പങ്കെടുക്കുന്നവരുടെ എണ്ണം ഒരു വാട്സ്ആപ് ഗ്രൂപ്പിെൻറ പരിധിയിലൊതുങ്ങാതെ വന്നപ്പോൾ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. 236 പേരുള്ള പൊതുവിഭാഗത്തിൻറെ ഒരു ഗ്രൂപ്പും 180 പേരുള്ള വനിത ഗ്രൂപ്പും. 10 ദിവസങ്ങളിലായി ദിവസവും രാത്രി ഒമ്പതുമുതൽ 10 വരെയായിരുന്നു മത്സരം.
വാട്സ്ആപ്പിൽ വരുന്ന ചോദ്യങ്ങൾക്ക് രണ്ട് മിനിറ്റനകം ഉത്തരം നൽകണം. ആദ്യം ഉത്തരം നൽകുന്നയാൾക്ക് പോയൻറ്. മത്സരം പൊടിപൊടിച്ചതോടെ ആവേശമേറി. പൊതുവിജ്ഞാനത്തിൽ പിന്നിലുള്ളവരും ആവേശം ചോരാതെ തന്നെ ഗ്രൂപ്പിൽ സജീവമായി. ഇവർക്കായി വിജയികളെ പ്രവചിക്കാനുള്ള മത്സരവും സംഘടിപ്പിച്ചു. ഇരുവിഭാഗത്തിലുമായി പത്ത് വിജയികളെ 'ഗ്രാൻഡ് ഫിനാലെയിൽ' കണ്ടെത്തി. മകൾ സ്നേഹയും മത്സര നടത്തിപ്പിൽ സഹായിച്ചതായി ബഷീർ പറഞ്ഞു.
വീടുകളിൽ ഒതുങ്ങിക്കൂടിയിരുന്ന വീട്ടമ്മമാരടക്കം പലരും മത്സരത്തിൽ സജീവമായി പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു. വാർഡിലെ പ്രവാസികളും മത്സരത്തിൽ പങ്കെടുത്തു. പൊതുവിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ സുനീഷ് ഭാസ്കരൻ ഗൾഫിലിരുന്നാണ് മത്സരത്തിൽ പങ്കെടുത്തത്. ക്വാറൻറീനിൽ കഴിയുന്നവരും മത്സരത്തിൽ പങ്കാളികളായി. വിജയികൾക്കെല്ലാം ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. അതിന് പുറമെ ചില സ്ഥാപനങ്ങൾ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.