ആധി വിതച്ച് പേപ്പട്ടി; കൊച്ചുകുഞ്ഞടക്കം ആറുപേർക്ക് കടിയേറ്റു
text_fieldsഎറിയാട്: പേപ്പട്ടിയുടെ ആക്രമണത്തിൽ കൊച്ചുകുഞ്ഞടക്കം ആറുപേർക്ക് കടിയേറ്റു. തിരുവള്ളൂരിലും അഴീക്കോട് ബീച്ച് റോഡിലും കൊട്ടിക്കലിലുമാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്.
അഴീക്കോട് കൊട്ടിക്കൽ ക്ഷേത്രത്തിന് തെക്കുവശത്ത് മാരാത്ത് ഷിഹാബിന്റെ മകൾ രണ്ടര വയസ്സുകാരി മിസ്ന ഫാത്തിമ, അഴീക്കോട് മുനക്കൽ ബീച്ചിൽ പൂവത്തുംപറമ്പിൽ ശിഹാബിന്റെ മകൾ ഷിഫാന (15), മഠത്തിപ്പറമ്പിൽ അനിൽ (50), മരത്താന്തറ സലാം (42), അഞ്ചലശേരി അബ്ദുല്ലയുടെ മകൾ അബീന (30), ഏഴാം വാർഡിൽ വട്ടപ്പറമ്പിൽ ഹരിയുടെ ഭാര്യ രാജി (38) എന്നിവർക്കാണ് കടിയേറ്റത്. രാവിലെ ഒമ്പതരയോടെയാണ് അഴീക്കോട് ബീച്ചിൽ പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. ഷിഫാനയെയാണ് ആദ്യം ആക്രമിച്ചത്. തുടർന്ന് പുത്തൻപള്ളി ബീച്ച് റോഡിൽ നിന്നിരുന്ന മഠത്തിപ്പറമ്പിൽ അനിലിനെ ആക്രമിച്ചു.
നായെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് സലാമിന് കടിയേറ്റത്. പുറത്തുനിന്ന് തിരിച്ച് ഓട്ടോറിക്ഷയിൽ വീടിനു മുന്നിൽ ഇറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് മിസ്ന ഫാത്തിമയെ കടിച്ചുപറിച്ചത്. കുട്ടിയുടെ കൈയിന്റെ തള്ളവിരലിൽ കടിച്ച നായ് വീട്ടുകാരെത്തി വടിയെടുത്ത് അടിച്ച ശേഷമാണ് കടി വിട്ടത്. തിരുവള്ളൂരിൽ ക്ഷേത്രത്തിൽ പോയി തിരികെ വരുമ്പോഴാണ് രാജിക്ക് കടിയേറ്റത്.
അഴീക്കോട് ലൈറ്റ് ഹൗസ് ഭാഗത്തുനിന്നാണ് നായ് ആദ്യം മുനക്കലിൽ എത്തിയത്. നാലുപേരെ കടിച്ച ശേഷം കിഴക്കോട്ട് ഓടി അപ്രത്യക്ഷമായി. ഇതിനിടെ കപ്പൽ ബസാറിൽ മറ്റു നായ്ക്കളുമായും കടികൂടി. മേത്തല കിഴക്ക് ഉണ്ടേക്കടവ്, എൽത്തുരുത്ത്, ആനാപ്പുഴ ഭാഗങ്ങളിലും പേപ്പട്ടി എത്തിയതായി പറയുന്നു.
നാട്ടുകാർ നാലുപാടും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പ്രദേശവാസികൾ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.