മഴ തീർത്തു, ദുരിതങ്ങൾ
text_fieldsചാത്തൻകുളങ്ങര പാടശേഖരം മുങ്ങി; കർഷകർ ദുരിതത്തിൽ
കാഞ്ഞാണി: മഴയിൽ മണലൂർ ചാത്തൻകുളങ്ങര പാടശേഖരം മുങ്ങി കർഷകർ ദുരിതത്തിൽ. 50 ഏക്കറിലുള്ള പാടശേഖരത്തെ നെൽകൃഷിയാണ് വെള്ളത്തിനടിയിലായത്. എട്ട് ദിവസമായ നെൽചെടികളായിരുന്നു. ഇതുമൂലം കർഷകർക്ക് 15 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
പാലാഴി ചീപ്പുവഴി അടിയന്തര ഘട്ടങ്ങളിൽ വെള്ളം പുഴയിലേക്ക് ഒഴുക്കിവിടാൻ കഴിയാത്തതും കൃഷിനാശത്തിന് കാരണമായി. വർഷങ്ങളായി പുഴയിൽനിന്ന് ഉപ്പുവെള്ളം കയറാതിരിക്കാനും കൃഷി ചെയ്യുന്നതിന് പാടശേഖരങ്ങളിൽ വെള്ളം കെട്ടി നിർത്താനുമായി ചിപ്പിനുള്ളിൽ പലക നിരത്തി മണ്ണിട്ട് നികത്തിയാണ് ചീപ്പ് അടക്കുന്നത്.
അതിനാൽ ഇതുപോലെ അടിയന്തര ഘട്ടങ്ങളിൽ ഓടിച്ചെന്ന് ചീപ്പ് തുറന്ന് വെള്ളം ഒഴുക്കിവിടാൻ കഴിയാത്താവസ്ഥയാണുള്ളത്. ചാത്തൻകുളങ്ങര പാടശേഖര നെല്ല് ഉൽപാദകസമിതി പ്രസിഡൻറ് സൂര്യൻ പൂവ്വശ്ശേരി സമിതി അംഗങ്ങളായ സുജിത്ത് പണ്ടാരൻ, ഇനാശു മാസ്റ്റർ, ആൻറണി, ആന്റോ എന്നിവരുടെ നേതൃത്വത്തിൽ കർഷകരും തൊഴിലാളികളും വളരെബുദ്ധിമുട്ടിയാണ് ചീപ്പുനുള്ളിലെ മണ്ണും പലകയും നീക്കംചെയ്ത് പുഴയിലേക്ക് വെള്ളം ഒഴുക്കിവിടാൻ കഴിഞ്ഞത്.
ഇതിനൊരുപരിഹാരമായി 2020ൽ മുരളി പെരുന്നെല്ലി എം.എൽ.എയുടെ വികസന ഫണ്ടുപയോഗിച്ച് ഫയ്ബർ ഷട്ടർ അനുവദിച്ചുതരാമെന്ന് പറഞ്ഞതായും എന്നാൽ, ഇതുവരെ നടപടിയും ഉണ്ടായിട്ടില്ലെന്ന് കർഷകർ പറഞ്ഞു. ഉപ്പുവെള്ളം കയറാതിരിക്കാൻ താൽക്കാലികമായി ചീപ്പ് അടക്കുന്നതിന് വൻ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. നെൽകൃഷി നിലനിർത്തി പോകുന്നതിന് സർക്കാർ തലത്തിൽ സഹായങ്ങൾ അനുവദിച്ചുതരണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
കോൾ വെട്ടിക്കടവ് മേഖലയിൽ വ്യാപക കൃഷി നാശം
കുന്നംകുളം: മേഖലയിലുണ്ടായ കനത്ത മഴയിൽ പൊന്നാനി കോൾ മേഖലയിൽ കൃഷി നാശം. പറിച്ചു നട്ടതും നടനായതുമായ ഞാറ് മുഴുവൻ വെള്ളം കയറി നശിച്ചു. വെട്ടിക്കടവിലെ 300 ഏക്കർ മുഴുവനായും, മങ്ങാട് പാടത്തെ നടീൽ കഴിഞ്ഞത് ഭാഗികമായും, കമ്പനിക്കുണ്ട് പടവ് ഭാഗം പൂർണമായും വെള്ളത്തിനടിയിലായി. നടീൽ തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് മഴ ആരംഭിച്ചത്.
പൊന്നാനി ബിയ്യം കായൽ പൂർണ്ണമായും തുറന്നെങ്കിലും കരിച്ചാൽകടവ് പാലം പണി നടക്കുന്നതിനാൽ വെള്ളത്തിന്‍റെ ഒഴുക്ക് കുറവായി. പാടശേഖരങ്ങളിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും നൂറടി തോട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ഇനി വെള്ളം വറ്റിയാലും ഞാറ് പറിച്ചു നടുവാൻ കഴിയുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. വെള്ളം വറ്റിക്കാൻ ഏകദേശം പത്ത് ദിവസമെങ്കിലും വേണ്ടി വരും.
നടീൽ കഴിയാത്തതിനാൽ കർഷകർക്ക് വിള ഇൻഷുറൻസും ലഭിക്കുകയില്ല. മേൽഭാഗത്ത് കുതിരവേലപ്പാടം, ചിറളയം, കക്കാട് ഭാഗങ്ങളിൽ കൊയ്യുവാൻ പാകമായ നെല്ലിലും വെള്ളം കയറി. എല്ലാ കർഷക സമിതി ഭാരവാഹികളും കർഷകരും ചേർന്ന് വെള്ളം വറ്റിച്ച് എത്രയും വേഗം കൃഷി തുടങ്ങുവാനുള്ള തീവ്രശ്രമത്തിലാണ്. ഇല്ലാത്ത പക്ഷം ലക്ഷങ്ങളുടെ നഷ്ടവും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.