മഴ ശക്തം; വാഴച്ചാലും അതിരപ്പിള്ളിയും ചാർപ്പയും സജീവമായി
text_fieldsഅതിരപ്പിള്ളി: വനമേഖലയിൽ മഴ ശക്തമായതിനെ തുടർന്ന് ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. ദുർബലമായ അവസ്ഥയിലായിരുന്ന വാഴച്ചാൽ, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങൾ അൽപം സജീവമായി. വേനലിൽ വറ്റിപ്പോയ ചാർപ്പ വെള്ളച്ചാട്ടവും സജീവമാണ്. ചാർപ്പയിലൂടെയും മറ്റ് ചെറിയ കൈത്തോടുകളിലൂടെയും ഒഴുകിയെത്തുന്ന വെള്ളം മാത്രമാണ് നിലവിൽ പുഴയെ സജീവമാക്കിയത്.
അതിരപ്പിള്ളിക്കും വാഴച്ചാലിനുമിടയിൽ ചാർപ്പ സജീവമായതോടെ വിനോദ സഞ്ചാരികൾ റോഡിൽ വാഹനം നിർത്തിയിട്ട് മനോഹര ദൃശ്യം ആസ്വദിക്കാനും ഫോട്ടോയെടുക്കാനും തിരക്കുന്നുണ്ട്. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിലെ വ്യാപാരികൾ അതിവൃഷ്ടി ഉണ്ടായില്ലെങ്കിൽ നല്ലൊരു സീസൺ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
അതേസമയം, ചാലക്കുടിപ്പുഴയിലെ പ്രധാന അണക്കെട്ടുകളായ പെരിങ്ങൽക്കുത്തിലും ഷോളയാറിലും വെള്ളം കുറവാണ്. കാലവർഷം അണക്കെട്ടുകളിലെ ജലനിരപ്പിനെ കാര്യമായി ബാധിച്ചിട്ടില്ല. പെരിങ്ങൽക്കുത്തിൽ ആകെ 30 ശതമാനം മാത്രമേ വെള്ളമുള്ളൂ. പെരിങ്ങലിൽനിന്ന് വെള്ളം തുറന്നു വിട്ടാൽ മാത്രമേ ഈ സീസണിൽ സ്ഥായിയായി ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയരുകയുള്ളൂ.
പെരിങ്ങൽക്കുത്തിലേക്ക് ഷോളയാറിൽനിന്ന് ജലമെത്തുന്നില്ല. ഷോളയാറിൽ വൈദ്യുതോൽപാദനം നടക്കുന്നില്ല. ആ വകയിലും പെരിങ്ങലിലേക്ക് വെള്ളം ലഭിക്കുന്നില്ല. ആകെ 13 ശതമാനം വെള്ളമാണ് ഷോളയാർ ജലസംഭരണിയിൽ ഉള്ളത്. ഇത്തവണ ഫെബ്രുവരിയിൽ ആളിയാർ കരാർ പ്രകാരം തമിഴ്നാട് ഷോളയാർ നിറച്ചു നൽകാത്തത് വെള്ളം കുറയാൻ പ്രധാനകാരണമാണ്. കാലവർഷത്തെ ആശ്രയിച്ച് മാത്രമേ ഇവിടെ സംഭരണ ശേഷി ഉയർത്താനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.