മഴ: പെരിങ്ങൽക്കുത്ത് ഡാം തുറന്നു
text_fieldsഅതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് ഡാം തുറന്ന് അധികജലം തുറന്നു വിട്ടു. എന്നാൽ ചാലക്കുടിപ്പുഴയിൽ വെള്ളപ്പൊക്ക ഭീഷണിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഡാമിലെ ജലവിതാനം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാം തുറന്ന് അധിക ജലം ചാലക്കുടി പുഴയിലേക്കൊഴുക്കുകയായിരുന്നു. ഡാമിന്റെ മൂന്ന്, നാല്, അഞ്ച്, ആറ് അടക്കം നാല് ഗേറ്റുകൾ ആറടിയോളമാണ് തുറന്നത്.
ഇതോടെ ഞായറാഴ്ച വൈകീട്ട് നാലോടെ ഡാമിലെ ജലനിരപ്പ് 422.75 മീറ്ററിലേക്ക് താഴ്ന്നു. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. ഡാം ഇപ്പോഴും ഓറഞ്ച് അലേർട്ടിലാണ്. അധിക ജലം ഒഴുകിവരുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർക്ക് ജാഗ്രത നിർദേശമുണ്ട്.
പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്താൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർമാർക്കും നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.