ഒഴിയാതെ മഴ; തകരുന്ന റോഡുകൾ
text_fieldsതൃശൂർ: ഇടക്കിടെ പെയ്യുന്ന മഴയിൽ നഗരറോഡുകൾ വീണ്ടും താറുമാറാവുന്നു. നവീകരിച്ച റോഡുകൾപോലും തകർന്ന കാഴ്ചയാണുള്ളത്. ശക്തൻ ബസ് സ്റ്റാൻഡും സമീപറോഡുകൾക്കും ഇതുവരെ ശാപമോക്ഷം ഉണ്ടായിട്ടില്ല. ശക്തൻ പ്രതിമ ജങ്ഷൻ ടൈൽ പാകുന്ന പ്രവർത്തനങ്ങൾക്കും മഴ തടസ്സമാവുകയാണ്. ടൈൽ വിരിക്കുന്നതിന് എടുത്ത കുഴി മൊത്തം വെള്ളക്കെട്ടിലാണുള്ളത്.
മഴയും വെയിലും മാറിമാറി വരുന്നതിനാൽ കാര്യങ്ങൾ എന്താവുമെന്ന് അറിയാത്ത സാഹചര്യമാണുള്ളത്. ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള റോഡിന് സമാനമാണ് പാലക്കാട്, കൊടുങ്ങല്ലൂർ മേഖലയിലേക്ക് ബസുകൾ കാത്തുകിടക്കുന്ന ബസ് സ്റ്റാൻഡ് മേഖല. പട്ടാളം റോഡിൽനിന്ന് ഹൈറോഡിലേക്ക് എത്തുന്ന വൺവേയിലൂടെയുള്ള യാത്ര ഞാണിൻമേൽ കളിയാണ്. നവീകരിച്ച വഞ്ചിക്കുളത്തിന് സമീപം റോഡിലെ വളവുഭാഗവും പഴയപടിതന്നെയായി. ഇവിടെ പാകിയ കല്ലുകൾ മഴയിൽ തെന്നിമാറി അവിടെ പാതാളക്കുഴി ഉണ്ടായിരിക്കുകയാണ്. നേരത്തേ അറ്റകുറ്റപ്പണി കഴിഞ്ഞ രാമനിലയം ഭാഗത്തെ റോഡും പഴയപടിയായി.
ശരിക്കും പറഞ്ഞാൽ സ്വരാജ്റൗണ്ടിൽ മാത്രമേ നഗരത്തിൽ സുഖസഞ്ചാരമുള്ളു. ഹൈറോഡ് അടക്കം ഗതാഗതയോഗ്യമാണേലും മഴ പെയ്താൽ ദുരിതപർവമാണ് നഗരത്തിലെ പ്രമുഖ റോഡുകളെല്ലാം. മഴ വന്നാൽ കുഴിറോഡുകളിലെല്ലാം വെള്ളമാണ്. അതിൽ കുടുങ്ങി അപകടങ്ങളും പതിവ്. ഇതുകൂടാതെ മഴ മാറിയാൽ ഇവ 'കൊതുകുവളർത്തൽ കേന്ദ്ര'ങ്ങളുമാണ്. നഗരത്തിന്റെ വിവിധ ജങ്ഷനുകളിൽ നടന്ന ടൈൽവത്കരണത്തിന്റെ അശാസ്ത്രീയതയും ജനത്തിന് ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
പ്രധാന റോഡുകളായ കൊക്കാല, പൂത്തോൾ, പടിഞ്ഞാറേ കോട്ട, കിഴക്കേകോട്ട, ശക്തൻനഗർ, വെളിയന്നൂർ തുടങ്ങിയ ഭാഗങ്ങളിലെ റോഡുകളിലെല്ലാം വലിയ കുഴികളാണുള്ളത്. കൊക്കാല പെട്രോൾ പമ്പിനടുത്തും ദിവാൻജിമൂല കഴിഞ്ഞ് പടിഞ്ഞാറേ കോട്ടവരെയുള്ള ഭാഗങ്ങളിലും റോഡിലെ കുഴികൾ വൻ അപകട ഭീഷണിയാണ്. പോക്കറ്റ് റോഡുകളും പൊട്ടിപ്പൊളിഞ്ഞു. ഓടകൾ മണ്ണുമൂടിയതിനാൽ മഴവെള്ളത്തിനൊപ്പം മലിനജലവും റോഡിലേക്ക് ഒഴുകിത്തുടങ്ങി. മഴക്കാലപൂർവ ശുചീകരണത്തിൽ കോർപറേഷൻ വരുത്തിയ വീഴ്ചക്ക് വിലകൊടുക്കുന്നത് യാത്രക്കാരും കച്ചവടക്കാരുമാണ്. വേഗത്തിൽ വരുന്ന വാഹനങ്ങൾ റോഡിൽ കെട്ടിക്കിടക്കുന്ന ചളിവെള്ളം കാൽനടക്കാർക്ക് മേൽ പതിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.