രാമൻകുളം കുടിവെള്ള പദ്ധതി രണ്ടാംഘട്ടം പൂർത്തിയാവുന്നു
text_fieldsചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്തിൽ രാമൻകുളം കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. ഇതിന്റെ ഭാഗമായി 5000 ലിറ്റർ വീതം സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകൾ സ്ഥാപിച്ചു.
നേരത്തേയുള്ള പൈപ്പ് ലൈനുകൾക്ക് പുറമേ അരകിലോ മീറ്റർ ദൂരത്തിൽ പുതിയ പൈപ്പ് ലൈനുകളും സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇ.ടി. ടൈസൺ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 72 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ഇതിൽ ബാക്കിവന്ന തുക വിനിയോഗിച്ചാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടത്തുന്നത്.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന എടത്തിരുത്തി പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലേക്ക് വേണ്ടിയാണ് 2023 മേയിൽ പദ്ധതി നടപ്പാക്കിയത്. ചെന്ത്രാപ്പിന്നി അലുവ തെരുവിന് സമീപമുള്ള രാമൻകുളത്തിൽ 3.6 ഡയാമീറ്റർ ഉള്ള കിണർ, പമ്പ് ഹൗസ്, പ്രഷർ ഫിൽട്ടർ, മോട്ടോർ പമ്പ് സെറ്റ് എന്നിവ സ്ഥാപിച്ചായിരുന്നു പദ്ധതിയുടെ തുടക്കം.
ഇതിൽനിന്ന് 90 എം.എം വ്യാസമുള്ള പൈപ്പ് 3348 മീറ്റർ നീളത്തിലും 110 എം.എം വ്യാസമുള്ള പൈപ്പ് 204 മീറ്റർ നീളത്തിലും ഇട്ട് വിവിധ പ്രദേശങ്ങളിലെ എട്ടിടങ്ങളിൽ പൊതുടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. 20,000 ലിറ്റർ വെള്ളം മണിക്കൂറിൽ പമ്പ് ചെയ്യാൻ സാധിക്കുമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. വാട്ടർ അതോറിറ്റിക്കായിരുന്നു നിർമാണച്ചുമതല.
എന്നാൽ, പമ്പിങ് സമയത്ത് മുഴുവൻ ടാപ്പുകളും തുറക്കാതെ വരുമ്പോൾ മർദം താങ്ങാനാവാതെ പൈപ്പുകൾ പൊട്ടുന്നതും മറ്റും പദ്ധതിക്ക് പ്രതിസന്ധി തീർത്തു. ഇതോടെ കുടിവെള്ളം പലയിടങ്ങളിലും ലഭിക്കാതെയുമായി. പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. ഇതോടെയാണ് സാങ്കേതിക തകരാറുകൾ നീക്കി സുഗമമായ ജലവിതരണം ലക്ഷ്യമാക്കി രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
രണ്ടാം ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ ഇ.ടി. ടൈസൺ എം.എൽ.എ പദ്ധതി സ്ഥലം സന്ദർശിച്ചു. എത്രയും വേഗം തന്നെ പമ്പിങ് ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ ചന്ദ്രബാബു, വൈസ് പ്രസിഡൻറ് ഷൈലജ രവീന്ദ്രൻ എന്നിവരും എം.എൽ.എക്കൊപ്പമുണ്ടായി
രുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.