കലാമണ്ഡലത്തിലെ രംഗകല മ്യൂസിയം ഇനിയും തുറന്നില്ല
text_fieldsചെറുതുരുത്തി: കലാമണ്ഡലം വാർഷികം വരുമ്പോഴും വർഷങ്ങൾക്കു മുമ്പ് കോടികൾ ചെലവഴിച്ച് നിർമിച്ച രംഗകല മ്യൂസിയം അടഞ്ഞ് തന്നെ. ദക്ഷിണേന്ത്യന്‍ കലകളുടെ അഭിമാന നിറവായി മാറാൻ കഴിയുമായിരുന്ന ദക്ഷിണേന്ത്യൻ രംഗകല മ്യൂസിയം അവഗണനയുടെ സ്മാരകമായി കിടക്കുകയാണ്.
എട്ട് കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചതാണ് രംഗകല മ്യൂസിയം. നിളയൊഴുകും നാട്ടില്‍ കലയുടെ ആസ്ഥാനത്ത് തലയുയര്‍ത്തി നില്ക്കുന്ന ഈ മ്യൂസിയം കേരളം ലോകത്തിന് സമ്മാനിക്കുന്ന അഭിമാന സ്തംഭമാവുമെന്നാണ് വിലയിരുത്തിയിരുന്നത്. 40,000 ചതുരശ്രയടിയിൽ പണി തീര്‍ത്ത കെട്ടിടത്തില്‍ കേരളത്തിന്റെ വാസ്തുശിൽപ മാതൃക മുഴുവന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
രംഗകലയുടെ എല്ലാവിധ വേഷങ്ങളും അനുബന്ധ സാമഗ്രികളും മ്യൂസിയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഡിജിറ്റല്‍ ലൈബ്രറിയും ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയവും റിസര്‍ച് സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് നിലകളിലായാണ് സാംസ്കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യ ഗുരുകുലം കേരളത്തിന്റെ വാസ്തുശിൽപ മാതൃകയിലുള്ള ഈ കെട്ടിടം നിർമിച്ചിട്ടുള്ളത്. 2012 സെപ്റ്റംബര്‍ 12നാണ് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് രംഗകല മ്യൂസിയത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചത്. ദക്ഷിണേന്ത്യയിലെ 28 കലാരൂപങ്ങളുടെ പൂര്‍ണവിവരണം ഇതുമായി ബന്ധപ്പെട്ട ചിത്രത്തിന് മുന്നില്‍ കമ്പ്യൂട്ടര്‍ ടച്ച് സ്ക്രീനില്‍നിന്ന് അറിയാൻ ക്രമീകരണമൊരുക്കുന്നതിനും പദ്ധതിയുണ്ടായിരുന്നു.
രണ്ടാം നിലയില്‍ ഓഡിയോ-വിഡിയോ സ്റ്റുഡിയോയും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മൂന്നാം നിലയില്‍ സെമിനാര്‍ ഹാളും കോൺഫറന്‍സ് ഹാളും ഡിജിറ്റല്‍ ഡബ്ബിങ് സ്റ്റുഡിയോയുമാണ്.
നാല് വര്‍ഷം കൊണ്ടാണ് നിർമാണം പൂര്‍ത്തീകരിച്ചത്. മ്യൂസിയത്തിനുള്ളിലെ ഇലക്ട്രോണിക്സ് സംവിധാനം പൂര്‍ത്തീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സര്‍ക്കാറും കലാമണ്ഡലം അധികൃതരും ഇതിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും കലയെ സ്നേഹിക്കുന്നവര്‍ക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.