മയക്കുമരുന്ന് ചേര്‍ത്ത ജ്യൂസ് നല്കി യുവതിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 12 വര്‍ഷം തടവ്
text_fieldsതൃശൂർ: മയക്കുമരുന്ന് ചേര്‍ത്ത ജ്യൂസ് നല്കി വിജനമായ പറമ്പില്‍ കൊണ്ടുപോയി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. പീച്ചി പട്ടിക്കാട് വാക്കത്ത് വീട്ടില്‍ ഷൈനിനെയാണ് (33) തൃശൂർ ഒന്നാം അഡീഷനല്‍ അസിസ്റ്റൻറ് സെഷന്‍സ് ജഡ്ജി സി.എസ്. അമ്പിളി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധികതടവ് അനുഭവിക്കണം.
2011 ഡിസംബര്‍ 24ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിന് ബസ് കയറാന്‍ ശക്തന് തമ്പുരാന് നഗര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നപ്പോള്‍ പരിചയക്കാരനും ഓട്ടോ ഡ്രൈവറുമായിരുന്ന പ്രതി ഓട്ടോയില്‍ കയറ്റുകയും ക്ഷീണം മാറുമെന്ന് പറഞ്ഞ് ൈകയിലുണ്ടായിരുന്ന മാംഗോ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ കുടിപ്പിക്കുകയുമായിരുന്നു. ഓട്ടോക്കുള്ളില്‍ മയങ്ങി വീണ യുവതിയെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ യുവതി വിവരങ്ങള്‍ പറയുകയും പൊലീസിന് പരാതി നൽകുകയുമായിരുന്നു.
പീച്ചി സബ് ഇന്‍സ്പെക്ടറായ വി.എ. ഡേവിസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ഒല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന എം.കെ. കൃഷ്ണനാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണസമയത്ത് പ്രോസിക്യൂഷന് നടപടികള്‍ക്ക് സഹായം നല്‍കിയത് പീച്ചി സി.പി.ഒ ആയ മണിവര്ണനായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വർധിച്ചുവരുന്ന ഈ കാലയളവില്‍ പ്രതിക്ക് സമൂഹത്തിന് മാതൃകയാകുന്ന വിധത്തില്‍ പരമാവധി ശിക്ഷ നല്കണമെന്നുള്ള പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണ്സണ് ടി. തോമസിെൻറ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.