'പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതി'യിൽ കുടുങ്ങി ആർ.സി.സി; വ്യാജസന്ദേശം തിരിച്ചറിയണമെന്ന് അധികൃതർ
text_fieldsതൃശൂർ: 2014ൽ റീജനൽ കാൻസർ സെന്റർ (ആർ.സി.സി) നിർത്തിയ ചികിത്സ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതി എന്ന പേരിൽ പുനരവതരിപ്പിച്ചതായി വ്യാജസന്ദേശം. ഫോൺ ശല്യത്തിൽ പൊറുതിമുട്ടി ആർ.സി.സി. 500 രൂപക്ക് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ ഉറപ്പുവരുത്താനുള്ള 'കാൻസർ കെയർ ഫോർ ലൈഫ്' പദ്ധതിയുടെ പേരിലാണ് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം സജീവമായത്.
അതിൽ ആർ.സി.സിയുടെ ലാൻഡ് ലൈൻ നമ്പർ നൽകിയതിനാൽ അവിടത്തെ ടെലിഫോൺ ഓപറേറ്ററാണ് കുടുങ്ങിയത്. പദ്ധതിയെപ്പറ്റി അന്വേഷിച്ച് ദിവസവും അനവധി കാളുകളാണ് വരുന്നത്.
'കുടുംബത്തിലെ ഒരംഗത്തിന് 500 രൂപ കൊടുത്താൽ 50,000 രൂപയുടെ സൗജന്യചികിത്സ ലഭിക്കും. 1000 രൂപക്ക് ഒരുലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. 1500 രൂപക്ക് ഒന്നര ലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. 2000 രൂപ മുടക്കിയാൽ രണ്ടുലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. 10,000 രൂപ മുടക്കിയാല്‍ 10 ലക്ഷം രൂപയുടെ ചികിത്സ ലഭിക്കും.
ഒറ്റത്തവണ മാത്രം അടച്ചാല്‍ മതി. ഇപ്പോൾതന്നെ പണമടക്കുക'- എന്നതാണ് വ്യാജസന്ദേശം. അർബുദ ബാധിതർക്കുള്ള ക്ഷേമഫണ്ട് രൂപവത്കരിക്കാൻ ലക്ഷ്യമിട്ടതായിരുന്നു 1986ൽ തുടങ്ങിയ 'കാൻസർ കെയർ ഫോർ ലൈഫ്' പദ്ധതി.
101 രൂപയുടെ ചികിത്സ പോളിസി വിതരണം ചെയ്തായിരുന്നു തുക സമാഹരണം. പിന്നീട് സ്കീം 500 രൂപയുടേതാക്കി 1993ൽ പുതുക്കി. 2014ൽ ഈ പദ്ധതി നിർത്തുകയും ചെയ്തു. ഈ പദ്ധതി പ്രധാനമന്ത്രിയുടെ അജീവനാന്ത സുരക്ഷ പദ്ധതിയായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇത് വിശ്വസിച്ച് വാട്സ്ആപ് ഗ്രൂപ് അംഗങ്ങൾ മൊത്തമായി പോളിസി എടുത്ത് ആർ.സി.സിയെ അറിയിക്കുന്നുമുണ്ട്.
കാലാകാലങ്ങളിൽ ഈ വ്യാജസന്ദേശം പുതുക്കി മുഖ്യമന്ത്രിയുടേതാക്കിയും പ്രചാരണം നടത്താറുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും സന്ദേശം ഷെയർ ചെയ്യരുതെന്നും ആർ.സി.സി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.