തായമ്പകയില്‍ അരങ്ങേറ്റത്തിനൊരുങ്ങി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ
text_fieldsമാള: തായമ്പകയിൽ അരങ്ങേറ്റത്തിനൊരുങ്ങി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സമിതി അധ്യക്ഷ രമാദേവി രാഘവൻ. പുത്തന്‍ചിറ ഇടയപ്പുറത്ത് രാഘവന്‍-സാവിത്രി ദമ്പതികളുടെ മകളാണ് രമാദേവി. മുമ്പ് നൃത്തരംഗത്ത് സജീവമായിരുന്ന രമാദേവി കോമേഴ്‌സ് ബിരുദാനന്തര ബിരുദധാരി കൂടിയാണ്.
സമീപത്തെ ക്ഷേത്രത്തില്‍ ചിന്ത് പാട്ട് അഭ്യസിച്ചിരുന്നു. പിന്നീട് അനവധി വേദികളില്‍ ചിന്ത് പാട്ട് അവതരിപ്പിച്ചു. പ്രഫഷണല്‍, അമച്വർ നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. 2019ലാണ് കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാദമിയില്‍ മേള പരിശീലന കളരിയില്‍ ചേര്‍ന്നത്. പഞ്ചാരിയുടെ പതികാലം മുതല്‍ അഭ്യസിച്ചു. പഞ്ചാരിയില്‍ അരങ്ങേറ്റം കുറിച്ചിട്ടും പഠനം തുടർന്നു. ഗ്രാമികയിലെ തായമ്പക കളരിയിലും പ്രവേശനം നേടി. തായമ്പകയുടെ പതികാലം പിന്നിട്ട് അടന്തക്കൂറ് കൊട്ടിയാണ് ഇടക്കാലത്തിലേക്ക് കടക്കുന്നത്. ഉത്സവപ്പറമ്പുകളിലെ മേളവേദിയേക്കാള്‍ കൂടുതല്‍ അവസരം തായമ്പകക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രമാദേവി.
ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയ സാന്നിധ്യമാകുമ്പോഴും മേളം അഭ്യസിക്കാനും സമയം കണ്ടെത്തുന്നു.മേളത്തിലും തായമ്പകയിലും കൊടകര ഉണ്ണിയാണ് ഗുരു. പുത്തന്‍ചിറ കിഴക്കുംപറമ്പത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ബുധനാഴ്ച വൈകീട്ട് ആറിനാണ് അരങ്ങേറ്റം. തായമ്പകാചാര്യന്‍ കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍ ഭദ്രദീപം തെളിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.