നോക്കുകുത്തികളായി റെഡ് ബട്ടണും പപ്പു സീബ്രയും
text_fieldsതൃശൂർ: നഗരത്തിന്റെ ഏത് ഭാഗമായാലും ക്രമസമാധാന പ്രശ്നമോ സുരക്ഷ പ്രശ്നമോ ഉണ്ടാകുന്നത് ഞൊടിയിടയിൽ പൊലീസിന് അറിയാനും എത്താനുമാവും വിധം പൊലീസ് സ്ഥാപിച്ച റെഡ് ബട്ടൺ ടെർമിനലും വഴികാട്ടി ‘പപ്പുസീബ്ര’യും നോക്കുകുത്തികളായി.
നഗരത്തിൽ കോർപറേഷന് സമീപം സ്ഥാപിച്ച റെഡ് ബട്ടൺ ടെർമിനലിനെ മറച്ചായിരുന്നു പൊലീസിന്റെ തന്നെ റോഡ് സുരക്ഷാ ബോധവത്കരണ പദ്ധതിയായ പപ്പു സീബ്രയുടെ റോഡ് സിഗ്നൽ പ്രതിമ സ്ഥാപിച്ചത്. റെഡ്ബട്ടൺ ടെർമിനലുകളിൽ വിരലമർത്തിയാൽ സഹായമാവശ്യപ്പെടുന്നയാൾ നിൽക്കുന്ന സ്ഥലവും പരിസരങ്ങളിലെ ചിത്രങ്ങളും പൊലീസ് കൺട്രോൾ റൂമിൽ ദൃശ്യമാവും. ഇതോടെ ഘടിപ്പിച്ചിട്ടുള്ള ഹോട്ട്ലൈൻ ടെലിഫോണിലൂടെ കൺട്രോൾ റൂമിലെ പൊലീസുദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാനും കഴിയും. തുടർന്ന് നിമിഷങ്ങൾക്കകം പൊലീസ് വാഹനം സംഭവസ്ഥലത്ത് എത്തും വിധമാണ് റെഡ് ബട്ടൺ സംവിധാനം.
നേരത്തെ ശക്തൻ നഗറിൽ ഇത് സജ്ജമാക്കിയിരുന്നെങ്കിലും സൗകര്യം ഫലപ്രദമായി ഉപയോഗപ്പെടുന്നില്ലെന്ന് ആക്ഷേപം നിലനിൽക്കെയായിരുന്നു പോസ്റ്റോഫിസ് റോഡ് ജംഗ്ഷനിലും റെഡ് ബട്ടൺ സ്ഥാപിച്ചത്. ഇതുവരെയും ആരും രക്ഷാപ്രവർത്തനത്തിനായി റെഡ്ബട്ടനെ ആശ്രയിച്ചിട്ടില്ലെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു.
നഗരത്തിലെത്തുന്നവർ വഴിയറിയാതെ വിഷമിക്കുന്നതിന് പരിഹാരമായിട്ടായിരുന്നു പപ്പു സീബ്രയെ വഴികാട്ടി കൂടിയാക്കി മാറ്റിയത്. റെഡ് ബട്ടനോട് ചേർന്ന് തന്നെ പപ്പു സീബ്രയെ സ്ഥാപിച്ചെങ്കിലും അടുത്ത ദിവസം തന്നെ സീബ്രയുടെ കൈയും കാലും ഒടിഞ്ഞു. പിന്നീട് വീണ്ടും ‘ശസ്ത്രക്രിയ’നടത്തി സ്ഥാപിച്ചെങ്കിലും മുന്നോട്ടു പോയില്ല.
2020 ജൂലൈയിലാണ് ലക്ഷങ്ങൾ ചിലവഴിച്ച് റെഡ് ബട്ടൻ ക്യാമറ സംവിധാനമൊരുക്കിയത്. ഒരു വർഷം മുമ്പ് പൂരക്കാലത്താണ് തിരക്ക് കണക്കിലെടുത്ത് നഗരത്തിൽ റോഡ് സുരക്ഷാ പ്രചരണത്തിന്റെ ഭാഗമായി 15ഓളം പപ്പു സീബ്ര പ്രതിമകൾ സ്ഥാപിച്ചത്.
പൊലീസിന് വേണ്ടി ഓർഗ് പീപ്പിൾ സംഘടനക്ക് വേണ്ടി ആർട്ടിസ്റ്റ് നന്ദൻപിള്ള രൂപകൽപ്പന ചെയ്തതാണ് പപ്പുസീബ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.