കോർപറേഷൻ കൗൺസിലിൽ 'റിലയൻസ് പോര്'
text_fieldsതൃശൂർ: കോർപറേഷൻ പരിധിയിൽ അനധികൃതമായി കേബ്ൾ വലിച്ചതിന് റിലയൻസ് ജിയോ കമ്പനിയിൽനിന്ന് ആറുകോടി നഷ്ടം ഈടാക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. അതേസമയം, റിലയൻസിൽനിന്ന് മുഴുവൻ തുകയും അതിന്റെ പിഴയും പിഴപ്പലിശയും ഈടാക്കണമെന്നും വിജിലൻസ് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അജണ്ടയിൽ ചൂടേറിയ ചർച്ചക്കൊടുവിലാണ് പ്രതിപക്ഷ നിലപാട് തള്ളി ആറുകോടി ഈടാക്കാനുള്ള തീരുമാനം. 2013 -14ൽ വിവിധ റോഡുകളിൽ റിലയൻസ് കമ്പനി പോസ്റ്റുകൾ സ്ഥാപിച്ചും റോഡുകൾ കുഴിച്ചും കേബ്ൾ വലിച്ചതിനെ തുടർന്ന് കോർപറേഷന് ആറു കോടിയുടെ നഷ്ടം വന്നതായി അജണ്ടയിൽ ചൂണ്ടിക്കാട്ടി. തുക തിരികെ പിടിക്കാൻ നടപടിയെടുക്കാതിരുന്നത് സി.പി.എം ഭരണസമിതിയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
2013 -14 കാലഘട്ടത്തിൽ കോർപറേഷന് ആറുകോടിയുടെ നഷ്ടം വരുത്തിയെന്നും തിരിച്ചുപിടിക്കാൻ നടപടിയെടുക്കുമെന്നും മേയർ എം.കെ. വർഗീസ് അറിയിച്ചു. 2015 മുതൽ ഇടതുഭരണമായിരുന്നുവെന്നും റിലയൻസിന് എതിരെ സമരവുമായി അന്നത്തെ സി.പി.എം കൗൺസിലർ എം.പി. ശ്രീനിവാസൻ രംഗത്തിറങ്ങിയതും പ്രതിപക്ഷം പരാമർശിച്ചു.
മുഴുവൻ തുകയും പലിശയും പിഴപ്പലിശയും തിരിച്ചുപിടിക്കണമെന്ന് പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലൻ ആവശ്യപ്പെട്ടു. 2015 മുതൽ 2022 വരെയുള്ള കാലത്തെ നടപടികൾ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
10 കി.മീറ്റർ ദൂരം അനുമതിയിലും കൂടുതലായി കേബ്ൾ വലിച്ചെന്ന് റിലയൻസ് അക്കാലത്തുതന്നെ സമ്മതിച്ചിരുന്നു. ആ ഇനത്തിൽ 70 ലക്ഷം രൂപ ഈടാക്കി. ഒരുകോടി കൂടി റിലയൻസ് നൽകണമെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്ന് ചില ഭരണപക്ഷാംഗങ്ങളും നിലപാടെടുത്തു.
കണക്കുകൾ നോക്കി തുക തീരുമാനിക്കണമെന്ന് ഷീബ ബാബു പറഞ്ഞു. റിലയൻസിനു കരാർ നൽകിയതുമായി ബന്ധപ്പെട്ട അഴിമതികൾ വിജിലൻസിനു കൈമാറാൻ 2017ൽ തീരുമാനിച്ചിരുന്നുവെങ്കിലും തുടർനടപടികളുണ്ടായില്ല.
നഗരത്തെ മാലിന്യമുക്തമാക്കാൻ തീരുമാനിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 76 പേരെ നിയമിക്കും. കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. ഓൺലൈൻ പെൻഷൻ അപേക്ഷകളിൽ ഭൂരിഭാഗവും തള്ളുന്നതായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പരാതിപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ പദയാത്ര നഗരത്തിലെത്തിയപ്പോഴും പുലിക്കളി ദിവസവും രാത്രി ഒരു മണിക്കൂർ വൈദ്യുതിലൈൻ ഓഫാക്കിയത് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. പാർക്കിന്റെ അനാസ്ഥയെക്കുറിച്ചും പരാതി ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.