ജനത്തിനാശ്വാസം: അക്കിക്കാവ് ബൈപാസ് റോഡ് ഭാഗികമായി തുറന്നു
text_fieldsപെരുമ്പിലാവ്: അക്കിക്കാവ് - കേച്ചേരി ബൈപാസ് നിർമാണ ഭാഗമായി ആഴ്ചകൾക്ക് മുമ്പ് പൂർണമായും ഗതാഗതം നിരോധിച്ച റോഡ് ഭാഗികമായി തുറന്നു നൽകിയത് നാട്ടുകാർക്ക് ആശ്വാസമായി. നിർമാണത്തിനിടെ കനത്തമഴ പെയ്തതോടെ മണ്ണൊലിച്ച് ഇതുവഴി ഒരു സൈക്കിൾ പോലും പോകാനാവാത്ത വിധത്തിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു.
ഇതിനാൽ മൂന്ന് ആഴ്ചയോളം പ്രദേശവാസികളും വിദ്യാർഥികളും മൂന്ന് കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് സംസ്ഥാന പാതയിൽ എത്തിയിരുന്നത്. ബൈപാസ് ജങ്ഷനിൽ നിന്ന് 200 മീറ്റർ അകലെ റോഡിന് കുറുകെ നിർമിക്കുന്ന വലിയ കലുങ്കിന്റെ പണികൾ തുടങ്ങിയതോടെ ദീർഘദൂര വാഹനങ്ങളും വലിയ വാഹനങ്ങളും കടത്തിവിട്ടിരുന്നില്ല.
പ്രദേശവാസികളുടെ വാഹനങ്ങൾ സഞ്ചരിക്കാൻ കലുങ്കിന് സമീപം താൽക്കാലിക റോഡ് ആദ്യം നിർമിച്ചിരുന്നെങ്കിലും മഴയിൽ ആ പാത മുഴുവനായി ഒലിച്ചുപോയി. റോഡിലൂടെ വെള്ളം കുത്തിയൊഴുകിയപ്പോൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിനു കുറുകെ കാന നിർമിച്ചു. ഇതോടെ ഒരു വാഹനവും പോകാനാവാത്ത വിധം ഗതാഗതം തടയുകയും ചെയ്തു.
അക്കിക്കാവിലെയും പെരുമ്പിലാവിലെയും വിദ്യാർഥികളാണ് ഇതിനാൽ ദുരിതത്തിലായത്. സാധാരണ ഗതിയിൽ കലുങ്ക് നിർമാണത്തിന് റോഡ് പൂർണമായി തടസ്സപ്പെടുത്താറില്ല. പകുതി വീതം രണ്ട് തവണയായിട്ടാണ് നിർമാണം നടക്കുക. ഇവിടെ ഒറ്റയടിക്ക് നിർമ്മാണ ജോലികൾ നടന്നതാണ് പ്രശ്നമായത്.
ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കാൻ ചെറിയ റോഡ് നിർമിക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് കലുങ്ക് നിർമ്മാണം പൂർത്തിയാക്കിയത്. കലുങ്ക് നിർമ്മാണ ജോലികൾ പൂർത്തിയായെങ്കിലും അനുബന്ധ റോഡ് പണി പൂർത്തിയായിട്ടില്ല. എന്നാൽ, നാട്ടുകാരുടെ ദുരിതം മൂലമാണ് കലുങ്കിന്റെ ഒരു ഭാഗം ഞായറാഴ്ച വൈകീട്ടോടെ തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.