നിയമം നടപ്പാക്കാൻ മടി; നിരത്തുകളിൽ പൊലിഞ്ഞ് ജീവൻ
text_fieldsതൃശൂർ: റോഡിലെ കുഴികളും അശാസ്ത്രീയ നിർമാണവും കാരണം ജീവനുകൾ പൊലിയുമ്പോഴും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നിയമം നടപ്പാക്കാൻ അധികൃതർക്ക് മടി.
വാഹനം ഓടിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ സുപ്രീംകോടതി നിർദേശപ്രകാരം കൊണ്ടുവന്ന 2019ലെ 'കേന്ദ്ര മോട്ടോർ വാഹന നിയമ നിയമഭേദഗതി 198 എ'യാണ് പൊലീസ് ഉപയോഗിക്കാത്തത്.
ഈ നിയമമനുസരിച്ച് പൊലീസിന് വാഹനാപകടങ്ങളിൽ സ്വമേധയാ കേസെടുക്കാം. നിയമം പ്രാബല്യത്തിൽ വന്ന് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇതനുസരിച്ച് കേസെടുത്തത് രണ്ടിടത്ത് മാത്രം. അതാകട്ടെ ഒന്ന് ഹൈകോടതി ഇടപെടൽ മുഖേനയും.
കഴിഞ്ഞദിവസം ദേശീയപാത തളിക്കുളത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിലാണ് അപകട മരണത്തിന് കേസെടുത്തത്.
അശാസ്ത്രീയ നിർമാണം, റോഡിലെ കുഴികൾ, റോഡിൽ അപകടസാധ്യത ഉണ്ടാകൽ എന്നിവക്കെതിരെ റോഡ് ഉടമസ്ഥർക്കെതിരെയും (ദേശീയപാത-സംസ്ഥാന പൊതുമരാമത്ത് വകുപ്പ്) അപകടകരമായി റോഡ് പരിപാലനം നടത്തിയ നിർമാണ കമ്പനിക്കും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും എൻജിനീയർക്കുമെതിരെയും ഒരു ലക്ഷം പിഴയോട് കൂടിയ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 2019ലെ ഭേദഗതി വരുത്തിയ 198 എ വകുപ്പ്. കൊച്ചിയിൽ യദുലാൽ എന്ന യുവാവ് അപകടത്തിൽ മരിച്ചപ്പോൾ വിവരാവകാശ സംഘടനയായ നേർക്കാഴ്ചയുടെ പരാതിയനുസരിച്ചാണ് ഹൈകോടതി ഇടപെടൽ പ്രകാരം കൊച്ചി പൊലീസ് ഈ വകുപ്പ് കൂടി ചേർത്ത് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. ആഴ്ചകൾക്ക് മുമ്പ് ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വാഹനാപകടത്തിലാണ് പിന്നീട് ഈ നിയമപ്രകാരം കേസെടുത്തത്.
നിയമം നടപ്പാക്കാതെ ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ അപകട മരണങ്ങൾക്ക് കാരണം അശാസ്ത്രീയവും അപകടകരവുമായ ഡ്രൈവിങ് ആണെന്ന് റിപ്പോർട്ട് നൽകുകയും പരാതിക്കാരെ സമ്മർദത്തിലാക്കിയും ഭീഷണിപ്പെടുത്തി പിൻവലിക്കുകയും ചെയ്തതും തൃശൂർ ജില്ലയിലെ പൊലീസാണ്.
അപകടത്തിൽപെട്ടവരും ബന്ധുക്കളും നൽകുന്ന പരാതികളിൽ ഒരു കേസെങ്കിലും എടുത്തിരുന്നെങ്കിൽ പലരുടെയും ജീവൻ സംരക്ഷിക്കാമായിരുന്നുവെന്നാണ് റോഡ് സുരക്ഷ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
തളിക്കുളം ദേശീയപാതയിലെ യുവാവിന്‍റെ മരണത്തിൽ ദേശീയപാത അധികൃതർക്കെതിരെ അന്വേഷണം നടത്തി സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റി സുപ്രീംകോടതി റോഡ് സേഫ്റ്റി കമ്മിറ്റിക്ക് റിപ്പോർട്ട് നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
തൃശൂർ റൂറൽ പൊലീസ് മേധാവിക്ക് നേർക്കാഴ്ച അസോസിയേഷൻ സെക്രട്ടറി പി.ബി. സതീഷ് പരാതി നൽകി.
ഗതാഗത ബോധവത്കരണം: വകയിരുത്തുന്നത് കോടികൾ
റോഡ് സുരക്ഷക്കായി കോടികൾ സർക്കാർ വകയിരുത്തുന്നുണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ല. റോഡ് സുരക്ഷ ബോധവത്കണത്തിന്‍റെ പേരിലുള്ള ഫണ്ട് ഉപയോഗിച്ച് ഓട്ടന്തുള്ളൽ, മാജിക്, നിരത്തുകളിലും വ്യാപാര സ്ഥാപനങ്ങളിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും ചാനലുകളിലും പരസ്യം, റോഡ് സുരക്ഷ വാരാഘോഷങ്ങൾ തുടങ്ങിയ പരിപാടികളാണ് നടത്താറ്.
അപകടം തടയാൻ ട്രാഫിക് സുരക്ഷ നിർമാണങ്ങളോ റോഡിലെ കുഴികൾ മൂടുകയോ ചെയ്യാൻ ഈ ഫണ്ട് ഉപയോഗിക്കാറുമില്ല. പൊതുജനത്തിന് ഗുണകരമല്ലാത്തതാണ് റോഡ് സുരക്ഷ അതോറിറ്റിയുടെ നിയമവ്യവസ്ഥകളെന്ന ആക്ഷേപം നേരത്തേയുള്ളതാണെങ്കിലും ഇത് പരിശോധിക്കാനോ നടപടിക്കോ സർക്കാറുകൾ തയാറായിട്ടില്ല.
ദിവസവും അപകടങ്ങളിൽപ്പെടുന്നത് 12 പേർ
തൃശൂർ: ജില്ലയിൽ ഒരു ദിവസം 12 പേരെങ്കിലും റോഡപകടങ്ങളിൽ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നതായി കണക്ക്. ജില്ല സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു ദിവസം 10 പേർ എന്നതായിരുന്നു 2019ലെ കണക്ക്. കേരള പൊലീസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. 2019 മുതൽ 2022 വരെയുള്ള അപകടങ്ങളെക്കുറിച്ചുള്ള വിശകലനമാണ് റിപ്പോർട്ടിലുള്ളത്.
കോവിഡ് മഹാമാരിക്കാലത്തും അതിനുശേഷവും റോഡപകടങ്ങളിൽ കുറവുണ്ടായിട്ടില്ല. 2019ൽ 5760 പേർക്ക് അപകടം സംഭവിച്ചു. കോവിഡ് കാലത്ത് മുഴുവനായും ഭാഗികമായും ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും 3476 പേർ അപകടത്തിൽപ്പെട്ടു. 2022 മേയ് 31 വരെയുള്ള കണക്കുകൾ പ്രകാരം 2336 പേർക്ക് വാഹനാപകടങ്ങൾ സംഭവിക്കുകയും 1604 പേർക്ക് ജീവൻ നഷ്ടപ്പെടുകയോ ഗുരുതര പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. അമിതവേഗം, ഓവർടേക്ക്, അശ്രദ്ധമായി വാഹനമോടിക്കുക, സുരക്ഷ ഉപകരണങ്ങൾ ധരിക്കാതിരിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക എന്നിവയും അപകടങ്ങളിലേക്ക് നയിക്കുന്നുണ്ട്. അപകടത്തിൽപ്പെടുന്നവയിൽ 60 ശതമാനവും ഇരുചക്രവാഹനങ്ങളാണ്.
ജില്ലയിലെ 2019 മുതൽ 2022 വരെയുള്ള റോഡപകടങ്ങളെക്കുറിച്ചുള്ള വിശകലനം, തദ്ദേശ സ്ഥാപനങ്ങളുടെ 2021 മുതൽ 2031 വരെയുള്ള വാർഷികാടിസ്ഥാനത്തിലുള്ള ജനസംഖ്യ എന്നീ റിപ്പോർട്ടുകൾ പ്രകാശനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന 2022 -23 കാര്‍ഷിക വര്‍ഷത്തെ കാര്‍ഷിക സ്ഥിതിവിവരക്കണക്ക് സർവേയുടെ ഉദ്ഘാടന ചടങ്ങിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ജില്ല വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ നടന്ന സർവേയുടെ ജില്ലതല ഉദ്ഘാടനം ജില്ല പൊലീസ് മേധാവി (തൃശൂർ റൂറൽ) ഐശ്വര്യ ഡോങ്റേ നിർവഹിച്ചു.
അഡീഷനൽ ജില്ല ഓഫിസർ (എസ്.ആർ) ഒ.കെ. മിനി, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയന്‍റ് ഡയറക്ടർ (അഗ്രി. സെൻസസ്) റോയ് തോമസ്, ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. ശ്രീലത, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫിസർ കെ.കെ. സിനിയ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ എൻ.എസ്.ഒ. ഡോളി തോമസ്, ജില്ല വ്യവസായ കേന്ദ്രം മാനേജർ കെ. ശ്രീധര വാര്യർ, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി സി. ദിദിക എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.