യഹൂദ സെമിത്തേരിയിൽ കല്ലറയുടേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി
text_fieldsമാള: മാളയിലെ യഹൂദ സെമിത്തേരിയിൽ കല്ലറയുടേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. സെമിത്തേരിയുടെ മധ്യ-വടക്കുഭാഗത്തായാണ് മേൽമണ്ണ് മാറ്റിയപ്പോൾ ഇത് കാണപ്പെട്ടത്. നിരവധി കല്ലറകൾ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നുണ്ടെങ്കിലും നിലവിൽ മൂന്ന് കല്ലറകളാണ് ഇവിടെ സംരക്ഷിച്ചു പോരുന്നത്.ചുറ്റുമതിൽ നിർമാണത്തിെൻറ ഭാഗമായി ഇതിനു സമീപം മണ്ണ് മാറ്റിയിരുന്നു.
നൂറ്റാണ്ടുകളോളം മാളയിൽ യഹൂദർ താമസിച്ചിരുന്നതായി പറയപ്പെടുന്നു. 1955ലാണ് ഇവിടെനിന്ന് യഹൂദർ മുഴുവൻ ഇസ്രായിലിലേക്ക് പോയത്. 50 കുടുംബങ്ങളിലായി 300 പേർ തിരിച്ചു പോയതായി കണക്കുകൾ പറയുന്നു. യഹൂദരുടെ സ്വകാര്യ സ്വത്തുക്കളെല്ലാം തദ്ദേശവാസികൾക്ക് കൈമാറ്റം ചെയ്തെങ്കിലും സിനഗോഗും സെമിത്തേരിയും പഞ്ചായത്തിന് കൈമാറുകയായിരുന്നു.
യഹൂദർ താമസിച്ചിരുന്ന കാലയളവും തലമുറകളുടെ എണ്ണവും കണക്കാക്കുമ്പോൾ ഏകദേശം രണ്ടായിരത്തോളം പേരെ ഇവിടത്തെ നാല് ഏക്കർ വിസ്തൃതിയുള്ള സെമിത്തേരിയിൽ അടക്കം ചെയ്തതായി ചരിത്രകാരന്മാർ പറയുന്നു. സെമിത്തേരിയും യഹൂദ സിനഗോഗും പൈതൃക സംരക്ഷണ സ്മാരകങ്ങളായി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. തുടർന്ന് മുസരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി. നവീകരണത്തിെൻറ ഭാഗമായി ചുറ്റുമതിൽ നിർമാണം ഭാഗികമായി പൂർത്തീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.