കൊടുങ്ങല്ലൂർ-കൂർക്കഞ്ചേരി റോഡ് നവീകരണം; ഇരുഭാഗവും ഒരുമിച്ച് പൊളിക്കില്ല
text_fieldsതൃശൂർ: കൊടുങ്ങല്ലുർ മുതൽ കൂർക്കഞ്ചേരി വരെ 34.35 കിലോമീറ്ററിൽ നവീകരണം നടക്കുന്ന റോഡിൽ ഇരുഭാഗവും ഒന്നിച്ച് പൊളിക്കില്ലെന്ന് കലക്ടറുടെ ഉറപ്പ്. ബുധനാഴ്ച കലക്ടറേറ്റിൽ നടന്ന ട്രാൻസ്പോർട്ട് അതോറിറ്റി ബോർഡ് യോഗത്തിലാണ് കലക്ടർ ഇക്കാര്യത്തിൽ ഉറപ്പു നൽകിയത്. നിലവിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്തെ പണി മുഴുവൻ പൂർത്തീകരിച്ചതിന് പിന്നാലെ മാത്രമേ മറ്റേഭാഗം പൊളിക്കുകയുള്ളൂവെന്ന് അവർ വ്യക്തമാക്കി.
റോഡ് നവീകരണം നടത്തുന്ന കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി) വാക്കുപാലിക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു. പാലയ്ക്കൽ മുതൽ പെരുമ്പിള്ളിശ്ശേരി വരെ കോൺക്രീറ്റിങ് പൂർത്തിയായ ഒരുഭാഗത്തു കൂടി ബസുകൾ അടക്കം കടത്തിവിടാമെന്ന് ഉറപ്പ് നൽകിയെങ്കിലും പിന്നാക്കം പോയിരുന്നു. നിലവിൽ ബസുകൾ മൂന്നര കിലോമീറ്റർ അധികം ഓടേണ്ട ഗതികേടിലാണെന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം കൺവീനർ സെബി വർഗീസ് പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് സി.സി. മുകുന്ദൻ എം.എൽ.എയുടെ അധ്യക്ഷതയിൽ വല്ലച്ചിറ, അവണിശേരി, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എടുത്ത തീരുമാനമാണ് അധികൃതർ പാലിക്കാത്തത്. ബുധനാഴ്ച കലക്ടറേറ്റിൽ നടന്ന ട്രാൻസ്പോർട്ട് അതോററ്റി ബോർഡ് യോഗത്തിൽ ഇക്കാര്യം ബസ് ഉടമകൾ ഉന്നയിച്ചിരുന്നു.
പാലയ്ക്കൽ മുതൽ പെരുമ്പിള്ളിശ്ശേരി വരെയുള്ള റോഡ് കോൺക്രീറ്റ് തുടങ്ങി രണ്ടു മാസം കഴിഞ്ഞെങ്കിലും റോഡിെൻറ ഒരുഭാഗം പൂർണമായി കഴിഞ്ഞിട്ടില്ല. വീതി കൂട്ടാതെ നിലവിലുള്ള ഏഴു മീറ്ററിൽ പണിയുന്നതും പ്രധാന ന്യൂനതയാണ്. ഏറെ ബസുകളും കാറുകളും മറ്റു വാഹനങ്ങളും കടന്നു പോകുന്ന തിരക്കേറിയ സംസ്ഥാന പാതയിൽ റോഡിെൻറ വീതി 11 മീറ്ററെങ്കിലും ആക്കേണ്ടതാണ്. 203 കോടി രൂപ ചെലവിടുന്ന നവീകരണ പ്രവർത്തനത്തിൽ രണ്ടു മാസത്തിലധികമായി 2.9 കിലോമീറ്ററിൽ ഒരു ഭാഗം പോലും കോൺക്രീറ്റ് പൂർത്തീകരിക്കാൻ കഴിയാത്ത സ്ഥിതിയ്ക്ക് മൊത്തം റോഡ് പണി പൂർത്തിയാക്കുന്നതിന് നാലു വർഷത്തിലധികം സമയം എടുക്കുമെന്ന് ബസ് ഉടമകൾ ആരോപിച്ചു.
റോഡുപണി നടക്കുമ്പോൾ സാധാരണ ജനങ്ങൾക്ക് പോലും പുറത്തിറങ്ങാൻ പറ്റുന്നില്ല. 30 കോടി രൂപ ചെലവു ചെയ്താൽ തൃശൂർ-കൊടുങ്ങല്ലൂർ റോഡ് രണ്ടു മാസം കൊണ്ട് മെക്കാഡം ടാർ ചെയ്ത് പണി പൂർത്തീകരിക്കാനാവും. 15 വർഷം ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും അവർ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തരമായ നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ പണിമുടക്ക് അടക്കം പ്രത്യക്ഷ സമരങ്ങളുമായി വരുമെന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം ഭാരവാഹികൾ വ്യക്തമാക്കി.
കടകളടച്ച് പ്രതിഷേധം
ചേർപ്പ്: നിർമാണം നടക്കുന്ന പാലക്കൽ-പെരുമ്പിള്ളിശ്ശേരി റീച്ചിൽ വൺവേ സംവിധാനം നിലനിർത്തണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വ്യാപാരി-വ്യവസായി ഏകോപന സമിതി ചേർപ്പ്-ചെവ്വൂർ യൂണിറ്റുകളുടെ നേതൃത്വത്തിൽ കടകൾ അടച്ച് പ്രതിഷേധിക്കും.
രാവിലെ ഒമ്പതു മുതൽ ഉച്ചവരെ കടകളടച്ച് പെരുമ്പിള്ളിശ്ശേരി സെന്ററിൽ പ്രതിഷേധ ധർണ നടത്തും. റോഡ് നിർമാണം ത്വരിതഗതിയിലാക്കുക, വൺവേ സംവിധാനം നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ധർണ കെ.വി.വി.ഇ.എസ്. ജില്ല വൈസ് പ്രസിഡന്‍റ് പി. പവിത്രൻ ഉദ്ഘാടനം ചെയ്യും. ചേർപ്പ് യൂനിറ്റ് പ്രസിഡന്‍റ് കെ.കെ. ഭാഗ്യനാഥൻ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.