നിർത്തലാക്കിയ ക്വാറികൾ വീണ്ടും തുറക്കാൻ നീക്കം; പ്രതിഷേധം ശക്തം
text_fieldsവടക്കാഞ്ചേരി: കല്ലംപാറ-പനങ്ങാട്ടുകര മേഖലയിൽ നിർത്തലാക്കിയ കരിങ്കൽ ക്വാറികൾ വീണ്ടും പ്രവർത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. ക്വാറികൾ പ്രവർത്തന സജ്ജമാക്കാമെന്ന സംസ്ഥന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങൾക്കെതിരെയാണ് ജനകീയ സമിതി രംഗത്തെത്തിയത്. ക്വാറിയുടെ സമീപം ഒട്ടേറെ വീടുകളും സ്കൂളും അംഗൻവാടിയും ഉണ്ട്. സമീപത്തെ കുടിവെള്ള പദ്ധതികൾക്ക് വരെ അപകട ഭീഷണി ഉയർത്തുന്നതിനെതിരെയാണ് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ജനകീയ സമര സമിതി സമരത്തിനിറങ്ങുന്നത്. ഈ മേഖലയിലൂടെ പാഞ്ഞുപോകുന്ന ടിപ്പർ ലോറികൾ വിദ്യാർഥികളുടെ ജീവനുപോലും ഭീഷണിയാണ്.
പ്രളയങ്ങളും ഉരുൾപൊട്ടലുകളും വാർത്തയാകുന്ന സാഹചര്യത്തിൽ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയേറുന്ന ഇടങ്ങളിൽ ക്വാറികളുടെ സാന്നിധ്യം ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ കലക്ടർക്കും നഗരസഭ, പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിരുന്നു. വിഷയം പഠിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജിയോളജി വകുപ്പിനോട് കലക്ടർ നിർദേശിച്ചിട്ടുണ്ടെന്ന് ജനകീയ സമര സമിതി പ്രസിഡന്റ് ശശികുമാർ മങ്ങാടും സെക്രട്ടറി ഹേമ മാലിനിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.