കല്ലൻകുളം ജലാശയവും തോടും സംരക്ഷണം തേടുന്നു
text_fieldsമാള: പൊയ്യ പഞ്ചായത്ത് രണ്ട്, മൂന്ന്, നാല് വാർഡുകളെ ബന്ധിപ്പിക്കുന്ന കല്ലൻകുളം ജലാശയവും തോടും സംരക്ഷണം തേടുന്നു. പാങ്കുളത്തിൽനിന്ന് ഒഴുകിയെത്തുന്ന തോട് കല്ലൻകുളത്തിലാണ് എത്തുക. നേരത്തെ സ്വകാര്യ വ്യക്തികൾ തോട് നികത്തിയതായി പരാതിയുണ്ട്. ഒഴുകിയെത്തുന്ന മഴവെള്ളവും ചേർന്നാണ് പിന്നീട് കൊടകര -കൊടുങ്ങല്ലൂർ സംസ്ഥാന പാതക്കടിയിൽ ചെന്നെത്തുന്നത്. ഇവിടെനിന്ന് കലുങ്കിനടിയിലൂടെ പടിഞ്ഞാറൻമുറി പാടശേഖരങ്ങളിലെത്തും. പിന്നീട് ചെന്തുരുത്തി ചാലിൽ ചേരും. പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന തോട് കാർഷിക മേഖലയുടെ നട്ടെല്ലാണ്. തോട് നശിക്കാൻ തുടങ്ങിയതോടെ കാർഷിക വൃത്തികൾ കുറഞ്ഞു. തോടിനെ അധികൃതർ അവഗണിച്ചതായി ആക്ഷേപമുണ്ട്. തോട് കെട്ടിസംരക്ഷിക്കണമെന്ന് ആവശ്യമുണ്ട്.
വാർഡ് രണ്ടിൽ താണിക്കാട് ഭാഗത്ത് തോടിന് സമീപത്തെ വയൽ നേരത്തെ സ്വകാര്യ വ്യക്തികൾ നികത്തിയതായും പരാതിയുണ്ട്. ഈ ഭാഗത്ത് തോടുമായി ബന്ധപ്പെടുന്ന വഴിയും അടച്ച നിലയിലാണ്. എതിർദിശയിൽ തോടിന് സമീപം വഴിയുണ്ട്. ഈ വഴി പടിഞ്ഞാറ് ഭാഗത്തേക്ക് എത്തുമ്പോൾ ഇടുക്കം നേരിടുന്നുണ്ട്.
സ്വകാര്യ വ്യക്തികൾ ഇവിടെ മതിൽകെട്ടി തിരിച്ചതാണ് വിനയായത്. ഈ ഭാഗം വിട്ടുകിട്ടിയാൽ കൊടുങ്ങല്ലൂർ-മാള റോഡും പടിഞ്ഞാറൻമുറി ചർച്ച് റോഡുമായി ലിങ്ക് റോഡ് തുറക്കാനാവും. പാങ്കുളം മുതൽ ചെന്തുരുത്തി വരെ തോട് കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കണമെന്നും സ്വകാര്യ വ്യക്തികൾ കൈയേറിയ ഭൂമി തിരിച്ചുപിടിക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.