ക്വാറി മാഫിയക്കെതിരെ ഒരുക്കാൽകുന്ന് നിവാസികൾ സമരത്തിലേക്ക്
text_fieldsപെരുമ്പിലാവ്: കടവല്ലൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഒരുക്കാൽകുന്ന് ജനവാസ മേഖലയിൽ ഭീഷണിയായി മാറിയ ക്വാറിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്.
കഴിഞ്ഞദിവസം നാട്ടുകാർ ക്വാറി ഉപരോധിച്ചിരുന്നു. ഒരുക്കാൽകുന്നിലെ വി.ബി ഗ്രാനൈറ്റ് എന്ന സ്ഥാപനം അനധികൃതമായി പാറഖനനം നടത്തുകയും വലിയരീതിയിൽ കുന്നിടിച്ച് നിരത്തുകയും ചെയ്തതിനാൽ ജിയോളജി വിഭാഗം പിഴ ചുമത്തിയിരുന്നു.
ജനവാസ മേഖലയിൽ ഭൂമികുലുക്കം പോലുള്ളവ അനുഭവപ്പെട്ട സാഹചര്യത്തിൽ പാറ ഖനനം തടയുകയും ചെയ്തു. എന്നാൽ, വീണ്ടും ക്വാറി പ്രവർത്തനം ആരംഭിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതികൾ തുടങ്ങാനുള്ള നീക്കത്തിലാണ്.
ഇതിന്റെ ഭാഗമായി മണ്ണിടിച്ച് നിരത്തുന്ന പ്രവൃത്തി ആരംഭിച്ചു. ഉരുൾപൊട്ടൽപോലും ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശത്ത് പണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെയും അധികാരികളെയും വിലക്കെടുത്ത് യാതൊരുവിധ പാരിസ്ഥിതി പഠനവും കൂടാതെയാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരാതി കണക്കിലെടുക്കാതെ വീണ്ടും പാറ പൊട്ടിക്കാനുള്ള നീക്കമാണ്.
ഇതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടും അധികാരികൾ നിസ്സംഗത പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്. നാട്ടുകാർ സംയുക്ത സമരസമിതി രൂപവത്കരിച്ച് പ്രക്ഷോഭം അടക്കമുള്ള പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി പഞ്ചായത്ത്, വില്ലേജ്, ജിയോളജി വിഭാഗം, കലക്ടർ തുടങ്ങി മുഴുവൻ അധികാര സ്ഥാപനങ്ങളിലും സമിതി പരാതി നൽകി. വേണ്ടിവന്നാൽ കോടതിയെ സമീപിക്കാനും സമര പരിപാടികളുമായി മുന്നോട്ടുപോകുവാനും യോഗം തീരുമാനിച്ചു. സമര സമിതി നേതാക്കളായ വാർഡ് മെംബർ ശ്യാംജിത രാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. അഷ്റഫ്, കെ.കെ. അബ്ദുൽ റസാഖ്, ഇ.കെ. ഉമ്മർ, കെ.എ. ജബ്ബാർ, എൻ.എം. ഹമീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.