അപകടം ഒഴിയാത്ത മതിലകത്ത് നാട്ടുകാർ ജീവഭയത്തിൽ
text_fieldsമതിലകം: വാഹനാ പകടങ്ങൾ ഒഴിയാത്ത മതിലകത്ത് നാട്ടുകാരും യാത്രികരും ജീവഭയത്തിൽ. അപകടം പതിവായിട്ടും അനങ്ങാത്ത അധികാരികൾക്കെതിരെ നാട്ടുകാർ മതിലകം പൊലീസിൽ പരാതി നൽകി. അപകട പരമ്പരയിൽ ഒടുവിലത്തേതാണ് ശനിയാഴ്ച രാവിലെ ബ്ലോക്ക് ഓഫിസ് പരിസരത്തുണ്ടായത്.
ദേശീയപാത നിർമാണത്തിന് കൊണ്ടുവന്ന ക്രെയിൻ കയറിയിറങ്ങി റോഡരികിലൂടെ നടന്നുപോയ യുവതിക്ക് ഗുരതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന കുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മതിലകം പൊലീസ് സ്റ്റേഷനും ലീവേജ് എൻജിനിയറിങ്ങിനും ഇടയിൽ സ്ഥിരമായി അപകടമാണ്.
ഈ ഭാഗം കാൽനട യാത്രികർക്കും ചെറുവാഹന യാത്രികർക്കും ഒട്ടും സുരക്ഷിതമല്ലെന്ന് നാട്ടുകാർ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. സ്കൂൾ വിദ്യാർഥികളും പ്രായമായവരും സ്ത്രീകളും സൈക്കിൾ, ഇരുചക്രവാഹന യാത്രികരുമെല്ലാം ഭയപ്പാടോടെയാണ് ഇതുവഴി നടന്നുപോകുന്നത്. ഇവിടെ സാംസ്കാരിക പ്രവർത്തകനായ ഒരു റിട്ട. അധ്യാപകന്റെ ജീവൻ പൊലിഞ്ഞിട്ട് അധികകാലമായിട്ടില്ല.
ഗുരുതര പരിക്കേറ്റവരും കുറവല്ല. റോഡിന് വീതികുറഞ്ഞ ഈ ഭാഗത്ത് തുറന്ന കാനയും പടർന്ന് കയറിയ കുറ്റിക്കാടും ഒപ്പം ജൽ ജീവൻ മിഷന്റെ പൈപ്പിടാനായി കുഴിച്ചെടുത്ത കല്ലും മണുമെല്ലാം കൂടി കിടക്കുന്നതും കാരണം കാൽനടക്ക് പോലും സ്ഥലമില്ല. പലയിടത്തും റോഡിലേക്ക് കയറിവേണം നടക്കാൻ. വാഹനം ഓടിക്കുന്നവരും വളരെ പ്രയാസപ്പെടുകയാണ്.
റോഡരികിൽ ഇടക്കിടെ കൊടിക്കുത്തിയും അല്ലാതെയും ശ്രമദാനം നടത്തിയെന്ന് വരുത്തുന്നവർ അപകടങ്ങൾ ഏറിയ മേഖലയിൽ കുറ്റികൾ റോഡരിക് അപഹരിച്ച് വളരുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്. ദേശീയപാത നിർമാണ വാഹനക്കൾ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങിയതോടെ റോഡിൽ ഭീതിജനകമായ അവസ്ഥയാണ്.
പ്രദേശത്തെ അപകടരമായ സ്ഥിതിവിശേഷം ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളും അവഗണിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുവാൻ ശാശ്വത പരിഹാര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.