പ്രവർത്തകരെ തിരിച്ചെടുക്കൽ: സി.പി.ഐയിൽ പൊട്ടിത്തെറി
text_fieldsകയ്പമംഗലം: പുറത്താക്കിയ ചില പാർട്ടി പ്രവർത്തകരെ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി ഏകപക്ഷീയമായി തിരിച്ചെടുത്തു എന്നാരോപിച്ച് സി.പി.ഐയിൽ കലഹം മൂർച്ഛിക്കുന്നു. ചില ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ രാജിവെക്കുകയും പല കമ്മിറ്റികളിലും അംഗത്വം പുതുക്കൽ നിർത്തി വെച്ചിരിക്കുകയുമാണ്.
ജില്ലയിലെ വിദ്യാർഥി സംഘടന പ്രവർത്തകരായ രണ്ട് പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന ആരോപണത്തിൽ പത്തുമാസം മുമ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട യുവ നേതാവാണ് തിരിച്ചെടുക്കപ്പെട്ടവരിൽ ഒരാൾ. കൂടാതെ, ഏഴുവർഷം മുമ്പ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയും പാർട്ടി ഓഫിസ് തല്ലിപ്പൊളിക്കുകയും ചെയ്തതിെൻറ പേരിൽ പുറത്താക്കിയ ചിലരെയും തിരിച്ചെടുത്തിട്ടുണ്ട്.
മണ്ഡലം കമ്മിറ്റിയിൽ പോലും ചർച്ച ചെയ്യാതെ, ജില്ല ആസ്ഥാനത്തെ ചിലരുടെ സഹായത്തോടെയും എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ ചിലരുടെ ഒത്താശയോടെയുമാണ് ഇവരെ തിരിച്ചെടുത്തതെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് എസ്.എൻ പുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ കുമാറും മതിലകം മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറും എൽ.സി അംഗവുമായ സുവർണ ജയശങ്കറും മണ്ഡലം കമ്മിറ്റിക്ക് രാജിക്കത്ത് നൽകി.
പാർട്ടിയുടെ ശക്തികേന്ദ്രമായ എസ്.എൻ പുരം മേഖലയിൽ ഭൂരിപക്ഷം ബ്രാഞ്ചുകളും അംഗത്വം പുതുക്കുന്നതുവരെ നിർത്തിവെച്ചിരിക്കുകയാണ്.
സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ കയ്പമംഗലം എൽ.സി സെക്രട്ടറി വി.ആർ. ഷൈനെ തൽസ്ഥാനത്തുനിന്ന് നീക്കിയിരിക്കുകയാണ്. ഭൂരിഭാഗം മണ്ഡലം അംഗങ്ങളുടെയും എതിർപ്പുകൾ അവഗണിച്ച് നീതീകരിക്കാനാകാത്ത കാരണങ്ങൾ പറഞ്ഞാണ് നടപടിയുണ്ടായതെന്ന് പറയുന്നു.
ജില്ല കമ്മിറ്റിയിൽ 80ഓളം ആളുകളുണ്ടായിരിക്കെ, വിരലിലെണ്ണാവുന്ന എക്സിക്യൂട്ടിവ് അംഗങ്ങളുടെ ഏകപക്ഷീയ തീരുമാനം പാർട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്നും പ്രവർത്തകരുടെ വികാരം മാനിച്ച് നേതൃത്വം യുക്തമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജിവെച്ച എൽ.സി സെക്രട്ടറി അനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.