ദേശീയപാത വഴുക്കുമ്പാറയിൽ റോഡ് പൊളിക്കൽ ആരംഭിച്ചു
text_fieldsപട്ടിക്കാട്: ദേശീയപാത വഴുക്കുമ്പാറയില്‍ തൃശൂര്‍ റോഡില്‍ വിള്ളല്‍ കണ്ട ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിക്കാന്‍ ആരംഭിച്ചു. എകദേശം 250 മീറ്റര്‍ നീളത്തിലാണ് പുനര്‍നിർമാണം നടത്തേണ്ടത്. ദേശീയപാതയും സർവിസ് റോഡും തമ്മില്‍ 30 അടി ഉയരവ്യത്യാസമുണ്ട്. ഇതില്‍ ഏഴ് അടി മാത്രമാണ് കോണ്‍ക്രീറ്റ് ഭിത്തിയുള്ളത്. അവശേഷിക്കുന്ന 23 അടി ഉയരത്തില്‍ സംരക്ഷണ ഭിത്തിയാണ് ആദ്യം നിർമിക്കേണ്ടത്. ഇത് നിർമിക്കാനുള്ള കുഴിയെടുക്കുന്നതിന്റെ ഭാഗമായാണ് മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് മണ്ണ്
മാറ്റുന്നത്. ഇവിടെ സംരക്ഷണ ഭിത്തി പണിതശേഷം വീണ്ടും മണ്ണ് നിറച്ച് ഉറപ്പുവരുത്തി വേണം ടാറിങ് നടത്താൻ. ഇതിന് മൊത്തം മൂന്ന് മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ തൃശൂരിലേക്ക് വരുന്ന വാഹനങ്ങള്‍ ഒറ്റവരിയായാണ് ഇതിലൂടെ പോകുന്നത്. എന്നാലും ഗതാഗതക്കുരുക്കില്ല. എന്നാല്‍, നിർമാണത്തെ മഴ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിർമാണ പ്രവർത്തനങ്ങൾക്ക് കെ.എം.സി ഉദ്യോഗസ്ഥരാണ് മേല്‍നോട്ടം വഹിക്കുന്നത്. ഗതാഗതം നിയന്ത്രിക്കാൻ പൊലീസിന്റെയും ഹൈവേ പൊലീസിന്റെയും സഹായവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.