ദേശീയപാത വികസനം: അവശിഷ്ടം നീക്കുന്നതിന്റെ മറവിൽ മണ്ണ് കടത്ത്
text_fieldsകൊടുങ്ങല്ലൂർ: നിർദിഷ്ട ദേശീയപാത വികസനത്തിന് മുന്നോടിയായി അവശിഷ്ടങ്ങൾ നീക്കുന്നതിന്റെ മറവിൽ മണ്ണ് കടത്തിയ ടിപ്പറുകളും ജെ.സി.ബിയും മതിലകം പൊലീസ് പിടികൂടി. നാലുവരിപാതയുടെ ഭാഗമായ മതിലകം ബൈപാസ് വന്ന് ചേരുന്ന എസ്.എൻ. പുരം പഞ്ചായത്തിലെ അഞ്ചാം പരുത്തിയിൽ നിന്നാണ് മണ്ണ് കടത്ത് നടന്നത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നിരവധി ലോഡ് മണ്ണ് കടത്തിയതായാണ് നാട്ടുകാർ പറയുന്നത്.
ഇതിനെതിരെ പ്രതിഷേധവുമായി ബുധനാഴ്ച രാവിലെ നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. നാട്ടുകാരുടെ പരാതിയിൽ സ്ഥലത്തെത്തിയ പൊലീസ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ മണ്ണെടുക്കാൻ അനുമതിയില്ലെന്ന വിവരമാണ് ലഭിച്ചത്.
ഇതേ തുടർന്നാണ് പൊലീസ് മണ്ണ് കടത്തിയ മൂന്ന് ടിപ്പറും ജെ.സി.ബിയും കസ്റ്റഡിയിലെടുത്തത്. നാലുവരിപ്പാത നിർമാണ കരാറെടുത്ത ശിവാലയ കമ്പനിയിൽ നിന്ന് ഉപകരാർ എടുത്തവർ നൽകിയ കരാർ എടുത്തവരാണ് മണ്ണ് കടത്തിയതെന്നാണ് പരാതി. വെട്ടിയിട്ട മരങ്ങളുടെയും മറ്റും അവശിഷ്ടങ്ങളും ചളിയും നീക്കുന്നതിനൊപ്പമാണ് മണ്ണും കടത്തിയത്. വേസ്റ്റ് ഉപയോഗിച്ച് ശ്രീനാരായണപുരം പടിഞ്ഞാറ് ഭാഗത്ത് കുളം നികത്തിയതും പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
പിടിച്ചെടുത്ത വാഹനങ്ങൾ റിപ്പോർട്ട് സഹിതം വ്യാഴാഴ്ച ആർ.ഡി.ഒക്ക് കൈമാറുമെന്ന് നടപടിക്ക് നേതൃത്വം നൽകിയ മതിലകം എസ്.ഐ. വിമൽ പറഞ്ഞു. നേരത്തേ ദേശീയപാത വികസനത്തിന് വിട്ടുകൊടുത്ത കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ മറവിലും വ്യാപക മണ്ണ് കടത്ത് നടന്നിരുന്നു. മണ്ണ് കുഴിച്ചെടുത്ത ശേഷം പലയിടങ്ങളിലും കുഴികളിൽ വേസ്റ്റ് ഇട്ട് മൂടിയിരിക്കുകയാണ്. ഇത് അറിയാതെ പോയാൽ റോഡുകളിൽ തകരാറ് ഉണ്ടാകാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.