അറ്റകുറ്റപ്പണിയില്ല; മണ്ണംപേട്ടയിലെ റോഡുകളിൽ ദുരിതയാത്ര
text_fieldsആമ്പല്ലൂർ: കുഴികൾ നിറഞ്ഞ മണ്ണംപേട്ട ആയുർവേദ ആശുപത്രി റോഡിലും കരുവാപ്പടി പൂക്കോട് റോഡിലും യാത്രാദുരിതം. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് കാൽനടക്ക് പോലും കഴിയാത്ത രീതിയിൽ മാസങ്ങളായി തകർന്നെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ രണ്ട് റോഡുകളിൽ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആരോപണം. മഴ പെയ്താൽ കുഴികളിൽ വെള്ളംനിറഞ്ഞ് ഇതുവഴി യാത്ര ദുസ്സഹമാണ്. ഇതുമൂലം വിദ്യാർഥികൾ ഉൾപ്പടെ ദുരിതമനുഭവിക്കുകയാണ്. ആശുപത്രിയിലേക്കുള്ളവർക്ക് ഓട്ടോ വിളിച്ചാൽ വരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും താൽക്കാലികമായി കുഴികൾ നികത്താൻ പോലും തയാറാകുന്നില്ലെന്നും പരാതിയുണ്ട്.
റോഡുകൾ സഞ്ചാരയോഗ്യമാക്കണം -മോട്ടോർ തൊഴിലാളി യൂനിയൻ
ഇരിങ്ങാലക്കുട: കുണ്ടും കുഴികളും നിറഞ്ഞ പട്ടണത്തിലെ ചെറുതും വലുതുമായ റോഡുകൾ ഉടൻ നന്നാക്കണമെന്ന് മോട്ടോർ തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ടൗൺ കൺവെൻഷൻ ആവശ്യപ്പെട്ടു.
അമൃത് കുടിവെള്ള പദ്ധതി പ്രകാരം റോഡരിക് വെട്ടിപ്പൊളിച്ച് പൈപ്പ് മാറ്റിയശേഷം ശരിയാംവിധം പൂർവസ്ഥിതിയിലാക്കാത്തത് യാത്ര ദുഷ്കരമാക്കിയെന്നും പ്രമേയം കൂട്ടിച്ചേർത്തു. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ടൗൺ കമ്മിറ്റി പ്രസിഡന്റ് പി.ഒ. തോമസ് അധ്യക്ഷത വഹിച്ചു. ജില്ല കൗൺസിൽ അംഗം വർധനൻ പുളിക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. ശിവൻ തൊഴിലാളികൾക്കായി നടപ്പാക്കുന്ന അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയെ കുറിച്ച് വിഷയാവതരണം നടത്തി.
ബാബു ചിങ്ങാറത്ത്, കെ.എസ്. പ്രസാദ്, കെ.സി. മോഹൻലാൽ, എൻ.ഡി. ധനേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി സിജു പൗലോസിനെയും, പ്രസിഡന്റായി കെ. സി. മോഹൻലാലിനെയും ട്രഷററായി ടി.വി. സുകുമാറിനെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.