അമ്പലപ്പാറയിൽ റോഡ് പുനർനിർമാണം തുടങ്ങി; അന്തർ സംസ്ഥാന പാതയിൽ ഗതാഗത നിരോധനം
text_fieldsഅതിരപ്പിള്ളി: മഴയെ തുടർന്ന് അമ്പലപ്പാറയിൽ ഇടിഞ്ഞ ആനമല അന്തർ സംസ്ഥാന പാതയുടെ നിർമാണം തുടങ്ങി. തിങ്കളാഴ്ച മുതൽ 15 ദിവസത്തേക്ക് ഇതുവഴി പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡിൽ ഒരു ബൈക്കിന് കടന്നുപോകാനുള്ള വഴി ഇട്ട ശേഷം ബാക്കി ഭാഗത്തെ ഇളകിയ മണ്ണ് നീക്കി, ഇടിഞ്ഞ വശം കരിങ്കല്ലുകൊണ്ട് കെട്ടി ഉറപ്പിച്ച ശേഷം മണ്ണ് നിറച്ച് ബലപ്പെടുത്താനാണ് നീക്കം.
കാലാവസ്ഥ അനുകൂലമാണെങ്കിൽ 15 ദിവസത്തിന് മുമ്പ് തന്നെ പണികൾ തീർക്കാനാവും. അത്രയും ദിവസം തേയില വ്യവസായ മേഖലയിലെ ചരക്ക് ഗതാഗതം, അതിരപ്പിള്ളി, മലക്കപ്പാറ, വാൽപ്പാറ തുടങ്ങിയ ടൂറിസം മേഖലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ, തോട്ടം മേഖലയിലെ തൊഴിലാളികളുടെയും ആദിവാസികളുടെയും യാത്രകൾ എന്നിവ മുടങ്ങും.
ഷോളയാർ മേഖലയിൽ പെയ്ത അതിതീവ്ര മഴയെ തുടർന്നാണ് കഴിഞ്ഞമാസം 14നാണ് അതിരപ്പിള്ളി, മലക്കപ്പാറ റോഡ് ഒരു വശം ഇടിഞ്ഞത്. ഇതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റോഡ് പുനർനിർമാണത്തിന് ഒരുക്കം നടക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് വീണ്ടും റോഡ് കൂടുതൽ ഇടിയുകയായിരുന്നു. മലക്കപ്പാറ റോഡിൽ പലയിടത്തും ഇടിച്ചിൽ സംഭവിക്കുമെന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.