റോഡാണത്രേ...
text_fieldsകയ്പമംഗലം: കാലവർഷമെത്തിയതോടെ തീരദേശ പഞ്ചായത്തുകളിലെ റോഡുകൾ ചളിക്കുളമായി. എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളിലാണ് റോഡുകൾ കൂടുതലും ശോച്യാവസ്ഥയിലായത്. കുണ്ടും കുഴിയും നിറഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടങ്ങളും പതിവായി.
പ്രധാന റോഡുകളും ഉൾനാടൻ റോഡുകളും ഒരുപോലെ തകർന്നു. റോഡിലെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴിയുടെ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ മറിഞ്ഞ് അപകടത്തിൽപ്പെടുന്നത് പതിവായി. മാസങ്ങൾക്ക് മുമ്പ് നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റാനും ജലജീവൻ പദ്ധതിക്കുമായി റോഡ് കുഴിച്ച് പൈപ്പുകൾ സ്ഥാപിച്ചിരുന്നു. ഈ പണി പൂർത്തിയായശേഷം റോഡിലെ അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് ലഭിച്ചെങ്കിലും ടെൻഡർ നടപടി പൂർത്തിയാകാത്തതാണ് റോഡുകൾ തകർന്നുകിടക്കുന്ന അവസ്ഥ തുടരാൻ കാരണം. പ്രവൃത്തി ആരംഭിക്കാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും.
ചെന്ത്രാപ്പിന്നി പഴയ പോസ്റ്റ് ഓഫിസ് റോഡിലൂടെയുള്ള യാത്രയാണ് ഏറെ ദുഷ്കരം. ജില്ല പഞ്ചായത്ത് 28 ലക്ഷവും എടത്തിരുത്തി പഞ്ചായത്ത് ഒമ്പത് ലക്ഷവും അനുവദിച്ച് ടെൻഡർ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രവൃത്തി ആരംഭിക്കാനായിട്ടില്ല. പൈപ്പ് സ്ഥാപിക്കാൻ പൊളിച്ച ഭാഗം പൂർവസ്ഥിതിയിലാക്കിയ ശേഷമേ റോഡ് പണി ആരംഭിക്കാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്. എടത്തിരുത്തി ഇ.കെ.സി റോഡും ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ രണ്ട് കോടിയോളം രൂപ ചെലവിട്ട് പണി ആരംഭിച്ചിട്ടുണ്ടെങ്കിലും പൂർത്തിയാകാൻ സമയമെടുക്കും. എടത്തിരുത്തി-മധുരം പുള്ളി-ചെന്ത്രാപ്പിന്നി റോഡ് പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടിയോളം രൂപ ചെലവിട്ട് പണിയാരംഭിച്ചിട്ട് ഒരു കൊല്ലമായെങ്കിലും പൂർത്തിയായിട്ടില്ല. കയ്പമംഗലം പഞ്ചായത്തിലും സ്ഥിതി മറിച്ചല്ല.
കൂരിക്കുഴി- പഞ്ഞംപള്ളി, കയ്പമംഗലം ബോർഡ് കമ്പനിക്കടവ്, കാളമുറി ബീച്ച്, ചളിങ്ങാട് തുടങ്ങിയ പ്രധാന റോഡുകളും ഉൾപ്രദേശങ്ങളിലെ റോഡുകളും ഒരു പോലെ തകർന്നുകിടക്കുകയാണ്. കയ്പമംഗലം ബോർഡ് റോഡിന്റെ നടുഭാഗത്ത് കൂടെയാണ് പൈപ്പിടാൻ പൊളിച്ചത്.
ടാർ ഇളകി മണ്ണും ചളിയും കുഴഞ്ഞുകിടക്കുന്ന ഈ റോഡിലൂടെയുള്ള സഞ്ചാരം അപകടകരമാണ്. സമാന അവസ്ഥയാണ് കാളമുറി ബീച്ച് റോഡിനും. കൊപ്രക്കളം-കൂരിക്കുഴി റോഡിന് എം.എൽ.എ ഫണ്ട് 62 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ ആയിട്ടുണ്ടെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല. ബോർഡ് റോഡിനും പണം അനുവദിച്ചിട്ടുണ്ട്. പൈപ്പ് സ്ഥാപിക്കാൻ റോഡ് കുഴിച്ച ഭാഗം പൂർവസ്ഥിതിയിലാക്കാൻ 10 കോടിയോളം രൂപ കയ്പമംഗലം പഞ്ചായത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും ടെൻഡർ നൽകി പ്രവൃത്തി തുടങ്ങാൻ സമയമെടുക്കും.
ടെൻഡറെടുക്കുന്ന കരാറുകാർ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാത്തതാണ് റോഡുകളുടെ ദുരവസ്ഥക്ക് കാരണമെന്നാണ് ജനപ്രതിനിധികളുൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലെ എകോപനമില്ലായ്മയും പ്രവൃത്തി നീണ്ടുപോകുന്നതിന് പ്രധാന കാരണമാകുന്നുണ്ടെന്നും ജനപ്രതിനിധികൾ ആരോപിച്ചു. റോഡുകൾ ഉടൻ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ഇതുവഴിയുള്ള യാത്ര ഒഴിവാക്കേണ്ടി വരുമെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.