20 രൂപ ഊൺ: 32 സുഭിക്ഷ ഹോട്ടലുകൾ കൂടി വരുന്നു
text_fieldsതൃശൂർ: 20 രൂപക്ക് ഊണുമായി സംസ്ഥാനത്ത് 32 സുഭിക്ഷ ഹോട്ടലുകൾ കൂടിവരുന്നു. പൊതുവിതരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് ഹോട്ടലുകൾക്ക് പുറമേ സർക്കാറിന്‍റെ 100 ദിന പരിപാടികളുടെ ഭാഗമായാണ് പുതിയ ഹോട്ടലുകൾ തുറക്കുന്നത്. സർക്കാറിന്‍റെ ആഘോഷ പരിപാടികൾ തുടങ്ങിയെങ്കിലും ഹോട്ടലുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നേരത്തേ കഴിഞ്ഞ മാർച്ച് 25ന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചുവെങ്കിലും വിവിധ കാരണങ്ങളാൽ കഴിഞ്ഞിരുന്നില്ല.
പുതിയ സാമ്പത്തിക വർഷത്തിൽ ഉദ്ഘാടനം ഉടനെ നടത്തണമെന്നാണ് വകുപ്പിന്‍റെ ആഗ്രഹം. എന്നാൽ, കെട്ടിടം അടക്കം കിട്ടാത്തതിനാൽ ഹോട്ടൽ തുടങ്ങാനാവാതെ ഏറ്റെടുത്തവർ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്.
സ്ഥലം കിട്ടാത്ത സാഹചര്യത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ നൽകിയ സാമ്പത്തിക സഹായം പത്തോളം പേർ തിരിച്ചുനൽകിയിരുന്നു. ഹോട്ടൽ നടത്തുന്നതിന് പത്തുലക്ഷം രൂപ വരെ സർക്കാർ സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മൂന്നുമുതൽ അഞ്ചുലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. ഇങ്ങനെ നൽകിയ തുകയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഹോട്ടൽ തുറക്കാനാവാതെ പോയതിനാൽ തിരിച്ചടക്കേണ്ടി വന്നത്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഒരു സുഭിക്ഷ ഹോട്ടൽ തുറക്കുകയാണ് സർക്കാറിന്‍റെ ലക്ഷ്യം. ഇതിനായി കഴിഞ്ഞ സാമ്പത്തിക വർഷം 83 ലക്ഷം രൂപയാണ് ചെലവിട്ടത്. ഈ സാമ്പത്തിക വർഷം ഏഴുകോടി രൂപ നീക്കിവെച്ചിട്ടുമുണ്ട്.
നിലവിൽ തൃശൂർ, ആലപ്പുഴ ജില്ലകളിൽ രണ്ടും പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഒരോന്നുമാണുള്ളത്. കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഊണിന് ജനങ്ങൾക്കിടയിൽ ലഭിച്ച സ്വീകാര്യതയാണ് കൂടുതൽ ഹോട്ടലുകൾ തുറക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുന്നത്. നേരത്തേ സർക്കാർ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സ്ഥിരം സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. നിലവിൽ കോവിഡ് സാഹചര്യത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങിയ താൽക്കാലിക ഹോട്ടലുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.