29 രൂപയുടെ അരി റേഷൻകട വഴി നൽകണം -റേഷൻ വ്യാപാരികൾ
text_fieldsതൃശൂർ: കേന്ദ്ര സർക്കാർ തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 29 രൂപക്ക് വിതരണം ചെയ്ത അരി റേഷൻ കടകൾ വഴി വ്യവസ്ഥാപിതമായി വിതരണം ചെയ്യണമായിരുന്നെന്ന് റേഷൻ വ്യാപാരികളുടെ സംയുക്ത സമരസമിതി. അരിക്കായി ആളുകൾ റോഡിൽ വരി നിൽക്കുന്ന അവസ്ഥ ഉണ്ടായി. അരി റേഷൻ കടകൾ വഴി നൽകുന്നതായിരുന്നു കൂടുതൽ നല്ലതെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
റേഷൻ ഉപഭോക്താക്കളുടെ മസ്റ്ററിങ് പൂർത്തിയാക്കാൻ വളരെ കുറഞ്ഞ സമയമാണ് അനുവദിച്ചത്. ഇതുവരെ 25 ശതമാനം പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഒരു കാർഡിൽ ഉൾപ്പെട്ട മുഴുവൻ ആളുകളും റേഷൻ കടയിൽ എത്തി മസ്റ്ററിങ് നടത്തൽ പ്രായോഗികമല്ല. കിടപ്പുരോഗികളുടെ വീട്ടിലേക്ക് റേഷൻ വ്യാപാരികൾ എത്തി മസ്റ്ററിങ് നടത്തണം എന്നാണ് നിർദേശം. ഇത് റേഷൻ കടയുടെ പ്രവർത്തനം അവതാളത്തിലാക്കും.
മസ്റ്ററിങ്ങിന് സമയം നീട്ടി നൽകിയില്ലെങ്കിൽ വലിയ അളവിൽ കേരളത്തിന് റേഷൻ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. ഇത് സംസ്ഥാനത്തെ റേഷൻ കടകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. കെ-സ്റ്റോറിന് വ്യാപാരികൾ എതിരല്ലെന്നും വലിയ തുക മുടക്കി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് സ്റ്റോർ തുടങ്ങിയ ശേഷം കുറഞ്ഞ വിലയ്ക്ക് ആളുകൾക്ക് സാധനങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ നിലനിൽപ്പില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ചൂണ്ടൽ, കെ.എസ്.ആർ.ആർ.ഡി.എ പ്രതിനിധി ഫ്രാൻസിസ് ചെമ്മണൂർ, കെ.എസ്.ആർ.ആർ.ഡി.എ അടൂർ പ്രകാശ് പ്രതിനിധി പി.ആർ. സുന്ദരൻ, എ.കെ.ആർ.ആർ.ഡി.എ ഭാരവാഹി കെ.കെ. സുരേഷ്, കെ.എസ്.ആർ.ആർ.ഡി.എ പ്രതിനിധി പ്രതീഷ് അപ്പു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കലക്ടറേറ്റ് ധർണ നടത്തും
തൃശൂർ: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കുക, കേരളത്തിലെ പൊതുവിതരണ മേഖലയോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന ഒഴിവാക്കുക, കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകത പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരി സംയുക്ത സമിതി ഈ മാസം ഏഴിന് കടകൾ അടച്ചിട്ട് ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ പത്തിന് കലക്ടറേറ്റ് പടിക്കലാണ് ധർണ. എ.കെ.ആർ.ആർ.ഡി.എ, കെ.ആർ.ഇ.യു സി.ഐ.ടി.യു, കെ.എസ്.ആർ.ആർ.ഡി.എ, കെ.എസ്.ആർ.ആർ.ഡി.എ അടൂർ പ്രകാശ് എന്നീ സംഘടനകൾ സമരത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.