സാഹിത്യ അക്കാദമി അവാർഡ് നിർണയം: പുറത്തുപറയാൻ കൊള്ളാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ തുറന്നുപറയണം –വൈശാഖൻ
text_fieldsതൃശൂർ: സാഹിത്യ അക്കാദമിയുടെ അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് പുറത്തുപറയാൻ കൊള്ളാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ അത് തുറന്നുപറയുകയാണ് ബുദ്ധിജീവികളുടെ ദൗത്യമെന്ന് അക്കാദമി പ്രസിഡൻറ് വൈശാഖൻ. സമൂഹമാധ്യമത്തിലെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവാർഡിനായി പരിഗണിച്ചവരുടെ പട്ടിക കഴിഞ്ഞദിവസമാണ് സാഹിത്യ അക്കാദമി പരസ്യപ്പെടുത്തിയത്. ഇതിൽ ഉൾപ്പെട്ട ഒരു എഴുത്തുകാരി അതറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇതിന് കമൻറായിട്ടാണ് സാഹിത്യ അക്കാദമിയുടെ അവാർഡ് നിർണയത്തിൽ പുറത്തുപറയാൻ കൊള്ളാത്ത കാര്യങ്ങൾ ഉണ്ടെന്ന് കാണിച്ച് മറ്റൊരാൾ വിവാദ പരാമർശം നടത്തിയത്.
ഇത് സുഹൃത്ത് വഴി ശ്രദ്ധയിൽപെട്ട അക്കാദമി അധ്യക്ഷൻ മറുപടിയും നൽകി. ഒപ്പം തുറന്നുപറയാൻ തയാറെങ്കിൽ അതിനുള്ള അവസരം ഒരുക്കിനൽകാമെന്നും കൂട്ടിച്ചേർത്തു. അക്കാദമി അവാർഡുകളുടെ പരിഗണന പട്ടിക പരസ്യപ്പെടുത്തുന്നത് വഴി കൂടുതൽ സുതാര്യമാവുകയാണ്. എന്നാൽ, ചിലർ അക്കാദമി അവാർഡുകളെ കരുതിക്കൂട്ടി അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും അനാവശ്യ പരാമർശങ്ങളെ അവഗണിക്കുകയാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. അവാർഡ് നിർണയത്തിലെ സുതാര്യത ഉറപ്പ് വരുത്തിയതിന് പുറമെ, കഴിഞ്ഞ നാലര വർഷം കൊണ്ട് അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി മാറ്റാൻ കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.